എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച രാജ്യത്തും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു
ഭൂരിപക്ഷം ജനങ്ങളും വാക്‌സിന്‍ സ്വീകരിച്ച രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിയായി. രാജ്യത്തിന്റെ ജനസംഖ്യയുടെ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കിയ സീഷെല്ലിസ് എന്ന രാജ്യത്തിലാണ് കോവിഡ് കേസുകള്‍ കഴിഞ്ഞ ആഴ്ചയിലേതിനും ഇരട്ടിയായത്.വാക്‌സിന്‍ ജനങ്ങള്‍ക്കിടയില്‍ രോഗത്തിന്റെ വ്യാപനം തടയാന്‍ സഹായിക്കുന്നില്ലെന്ന ആശങ്കയിലാണ് രാജ്യം. കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലേതിനേക്കാളും ഇരട്ടിയായതായി ആഫ്രിക്കയുടെ കിഴക്കന്‍ തീരപ്രദേശത്തെ ദ്വീപ് രാജ്യത്തിലെ ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ 37 ശതമാനത്തോളം രണ്ട് ഡോസ് വാക്‌സിനും എടുത്തവരാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മറ്റൊരു ദ്വീപ് രാജ്യമായ മാലദ്വീപിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.
സീഷെല്ലിസില്‍ വാക്‌സിനേഷന്‍ നടത്തിയതില്‍ 57 ശതമാനം പേര്‍ക്കും സിനോഫാമും ബാക്കിയുള്ളവര്‍ക്ക് ഇന്ത്യന്‍ നിര്‍മിത കോവിഷീല്‍ഡ് വാക്‌സിനുമാണ് നല്‍കിയത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. പതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ B.1.351 കോവിഡ് വകഭേദം കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഷീല്‍ഡ് വാക്‌സിന്‍ ഈ വകഭേദത്തിനെതിരെ ഫലപ്രദമല്ലെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, ഏപ്രില്‍ അവസാന വാരത്തെ ജനിതക പഠനങ്ങള്‍ ലഭ്യമായാല്‍ മാത്രമേ കൂടുതല്‍ തീര്‍പ്പിലെത്താന്‍ കഴിയൂ. എന്നാല്‍ വ്യക്തമായ പഠനങ്ങളില്ലാതെ ഇത് വാക്‌സിന്റെ പരാജയമാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും സംഘടന അറിയിച്ചു.