കോവിഡ് മുക്തിക്ക് ചാണകം ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

കോവിഡ് ചികിത്സയ്ക്ക് ചാണകം ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍.
ചികിത്സയ്ക്ക് ചാണകം മരുന്നല്ലെന്നും അത് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചാണകം കോവിഡ് മരുന്നായി ഉപയോഗിക്കാമെന്നതില്‍ ശാസ്ത്രീയ അടിത്തറയില്ലെന്നും മറ്റു രോഗങ്ങള്‍ ഉണ്ടകാന്‍ ഇത് ഇടയാക്കിയേക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ‘കോവിഡിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ചാണകത്തിനോ ഗോമൂത്രത്തിനോ കഴിയുമെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഇത് പൂര്‍ണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’- ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാല്‍ പറഞ്ഞു.

ഇവ ഉപയോഗിക്കുന്നതും കഴിക്കുന്നതും ആരോഗ്യപരമായ അപകടസാധ്യതകളും ഉണ്ടാക്കും. മൃഗങ്ങളില്‍നിന്നും മറ്റു പല രോഗങ്ങളും മനുഷ്യരിലേക്ക് പടരാന്‍ ഇടയാക്കിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗുജറാത്തില്‍ ചിലര്‍ പശുവിനെ വളര്‍ത്തുന്നയിടങ്ങളില്‍ പോയി ശരീരത്തില്‍ ചാണകവും ഗോമൂത്രവും തേയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മിശ്രിതം ഉണങ്ങുമ്പോള്‍ പാലോ തൈരോ ഉപയോഗിച്ച് കഴുകുന്നതാണ് ഈ ചികിത്സാ രീതി.

‘ഇത്തരം പ്രതിരോധം തേടി ഡോക്ടര്‍മാര്‍ പോലും ഇവിടെയെത്തുന്നു. ഈ തെറാപ്പി അവരുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നുവെന്നാണ് വിശ്വാസം’- ഒരു ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയിലെ അസോസിയേറ്റ് മാനേജര്‍ ഗൗതം മനിലാല്‍ ബോറിസ പറയുന്നു. ഇങ്ങനെ ചെയ്തതിനാല്‍ കോവിഡ് ഒന്നാം തരംഗത്തില്‍ നിന്നും താന്‍ രക്ഷപ്പെട്ടെന്നും ഇയാള്‍ പറയുന്നു. കൂട്ടത്തോടെ ആളുകള്‍ കന്നുകാലി തൊഴുത്തില്‍ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന ആശങ്കയും ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ട്. ചാണകം ശരീരത്തില്‍ മുഴുവന്‍ പൂശിയ ആളുകളുടെ ഫോട്ടോയും വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഘ പരിവാര്‍ അനുഭാവികളായ എം എല്‍ എ മാരും നേതാക്കളും പോലും ചാണകം ഗോമൂത്രം എന്നിവ ഉപയോഗിച്ചാല്‍ കൊറോണ വരില്ല എന്ന തരത്തില്‍ പ്രസ്താവന ഇറക്കുന്നുണ്ട്.