കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി
കേരള രാഷ്ട്രീയത്തിലെ പകരക്കാരില്ലാത്ത രാഷ്ട്രീയ നേതാവും ആദ്യ വനിതാ മന്ത്രിയുമായ കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് കേരളത്തിന്റെ വിപ്ലനായിക, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടില്‍ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് നേരത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. പനി ബാധിച്ച് കഴിഞ്ഞ മാസം 22 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ അണുബാധയെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. 1919 ജൂലൈ 14ന് ചേര്‍ത്തല അന്ധകാരനഴിയില്‍ കെഎ രാമന്‍, പാര്‍വ്വതിയമ്മ ദമ്പതികളുടെ മകളായാണ് ജനനം. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിഎ ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കി.
1953ലും 1954ലും നടന്ന തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. ഐക്യകേരളത്തിന്റെ പിറവിക്കുശേഷം അധികാരത്തില്‍വന്ന 1957ലെ പ്രഥമ കേരളനിയമസഭയില്‍ അംഗമായി. 1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടിവി തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാല്‍ 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേരുകയായിരുന്നു.കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും നയിച്ച ഐക്യജനാധിപത്യ മുന്നണി മന്ത്രിസഭകളിലും റവന്യൂ, വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ അംഗമായിരുന്ന കെ ആര്‍ ഗൗരിയമ്മ ഭൂപരിഷ്‌കരണ നിയമമടക്കം നിയമസഭയില്‍ അവതരിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്ത സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ്.ആരേയും കൂസാത്ത നിര്‍ഭയയായ വ്യക്തിത്വത്തിനുടമ എന്നാണ് കേരള രാഷ്ട്രീയത്തില്‍ ഗൗരിയമ്മയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 1994ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും കെ ആര്‍ ഗൗരിയമ്മയെ പുറത്താക്കി.
ഇതേ തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും 2001-06 കാലത്ത് എ കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ പ്രധാന വകുപ്പുകളുടെ ചുമതല കെ ആര്‍ ഗൗരിയമ്മ വഹിക്കുകയും ചെയ്തു. റവന്യൂ, വ്യവസായം, എക്‌സൈസ്, കൃഷി, സാമൂഹ്യക്ഷേമ വകുപ്പുകള്‍ പലപ്പോഴായി കൈകാര്യം ചെയ്തു. പിന്നീട് 2016ഓടെ ജെഎസ്എസ് എല്‍ഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചു. പിന്നീട് ഇടതുമുന്നണി നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു ഗൗരിയമ്മ.
10.45ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ജീവിതത്തിന്റെ നാനാതുറകളില്‍നിന്നുള്ള നൂറുകണക്കിനു പേരാണ് ഇവിടെ അന്ത്യാഭിവാദ്യമര്‍പ്പിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രണ്ടു മണിക്കൂറായിരിന്നു പൊതുദര്‍ശനം. മൃതദേഹം പിന്നീട് ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ആലപ്പുഴയിലും ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്‌കാരം വൈകിട്ട് ആറിന് വലിയ ചുടുകാട്ടില്‍ നടക്കും.