പെരുന്നാള്‍ ദിവസത്തിന്റെ പേരില്‍ മുജാഹിദ് സമസ്ത വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ദിനത്തിന്റെ പേരില്‍ മുജാഹിദ് സമസ്ത വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍. ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം പ്രഖ്യാപിച്ചതിനെച്ചൊല്ലിയാണ് വിവാദം ഉണ്ടായിരിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ ഭിന്നതയൊഴിവാക്കാന്‍ രൂപീകരിച്ച മുസ്ലിം സൗഹൃദ വേദിയുടെ ധാരണ ലംഘിച്ചാണ് മുജാഹിദ് പ്രഖ്യാപനമെന്ന ആരോപണവുമായി സമസ്ത നേതാക്കള്‍ രംഗത്തെത്തി. പെരുന്നാള്‍ രണ്ടുദിവസം ആഘോഷിച്ചതിനെത്തുടര്‍ന്നാണ് പതിനഞ്ച് വര്‍ഷം മുമ്പ് മുസ്ലിം സൗഹൃദ വേദി രൂപീകരിച്ചത്. നോമ്പ് പെരുന്നാള്‍ തുടങ്ങിയ ദിനങ്ങള്‍ സംഘടനാ അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് ഒരുമിച്ച് പ്രഖ്യാപിക്കാനാണ് സൗഹൃദ വേദി രൂപീകരിച്ചത്.

സൗഹൃദവേദിക്ക് കീഴില്‍ പിന്നീട് ആഘോഷ ദിവസങ്ങള്‍ ഒരുമിച്ചായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്തവണ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് മുജാഹിദ് പ്രബല വിഭാഗമായ കെ.എന്‍.എം നേരത്തെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മാസപ്പിറവി കാണാന്‍ കഴിയാത്തതിനാല്‍ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കണമെന്നാണ് കെ.എന്‍.എ അറിയിപ്പ്. കെ.എന്‍എം പ്രഖ്യാപനം സൗഹൃദവേദി തീരുമാനത്തിന് വിരുദ്ധമാണെന്ന ആരോപണവുമായി സമസ്ത രംഗത്തെത്തി. മുജാഹിദ് പ്രഖ്യാപനത്തോടെ സൗഹൃദവേദിയുടെ പ്രസക്തി നഷ്ടമായതായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടരി മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.

വര്‍ഷ കണക്കു നോക്കി നോമ്പും പെരുന്നാളും ഉറപ്പിക്കാമെന്നാണ് കെ.എന്‍.എം വാദം. എന്നാല്‍ ചന്ദ്രപ്പിറവി നഗ്ന നേത്രങ്ങള്‍കൊണ്ട് കണ്ട ശേഷമാണ് സുന്നികള്‍ നോമ്പും പെരുന്നാളും ഉറപ്പിക്കുന്നത്. പതിനഞ്ച് വര്‍ഷം മുമ്പ് മുസ്ലിം സംഘടനകള്‍ വ്യത്യസ്ത ദിനങ്ങളില്‍ പെരുന്നാള്‍ ആഘോഷിച്ചത് സമുദായത്തില്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയതോടെയാണ് അന്തരിച്ച മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സൗഹൃദ വേദി രൂപീകരിച്ചത്.