ദുര്‍ഗന്ധം സഹിക്കാന്‍ പറ്റുന്നില്ല, ആരോഗ്യപ്രശനങ്ങളും: 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പരാതിയുമായി ജില്ലാ കളക്ടറുടെ മുന്നില്‍

സ്റ്റാന്‍ലി ജോസ് മൈക്കാവ്

കോഴിക്കോട്: സ്വന്തം വീടിന്റെ മുറ്റത്ത് പോലും ഇറങ്ങാന്‍ സാധിക്കാതെ ദുര്‍ഗന്ധം ശ്വസിച്ച് ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു ജനതയ്ക്കുവേണ്ടി 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കോഴിക്കോട് ജില്ലാ കളക്ടറുടെ മുമ്പാകെ പരാതി സമര്‍പ്പിച്ചു. കളക്ടര്‍ സാംബശിവ റാവു സര്‍ മുമ്പാകെ കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗവുമായ റെയോണ എം. ആന്റു പരാതി നല്‍കിയത്.

വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ പൂര്‍ണ്ണ രൂപം:

സര്‍,
ഞാന്‍ കോഴിക്കോട് ജില്ലയില്‍ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് കരിമ്പാലക്കുന്ന് നിവാസിയാണ്. ഞങ്ങളുടെ ഈ ഗ്രാമപ്രദേശം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അഭിമുഖീകരിക്കുന്ന ഒരു അതിജീവന പ്രശ്‌നമാണ് രൂക്ഷമായ ദുര്‍ഗന്ധം (അന്തരീക്ഷ മലിനീകരണം).

ഞങ്ങളുടെ പഞ്ചായത്ത് അതിര്‍ത്തിയിലൂടെ ഒഴുകുന്ന ഇരുതുള്ളി പുഴയുടെ മറുകരയില്‍ കട്ടിപ്പാറ പഞ്ചായത്തിന്റെയും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെയും അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കോഴി അറവ് മാലിന്യ സംസ്‌കരണ സ്ഥാപനമാണ് ഫ്രഷ്‌കട്ട് ഓര്‍ഗാനിക് ലിമിറ്റഡ്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന ആരംഭംമുതല്‍ ഉണ്ടാവുന്ന രൂക്ഷമായ ദുര്‍ഗന്ധത്തെ സംബന്ധിച്ച് ഞങ്ങളുടെ പ്രദേശത്തെ മുന്നൂറോളം വരുന്ന സാധാരണക്കാരായ കുടുംബങ്ങള്‍ ഒപ്പിട്ട് മുഖ്യമന്ത്രി മുതല്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും പരാതി നല്‍കിയിരുന്നു. അതോടൊപ്പം ഈ കമ്പനി മാനേജ്‌മെന്റും പോലീസ് അധികാരികളും പ്രദേശത്തെ ജനകീയ സമിതിയും ചേര്‍ന്നു വിഷയത്തിന് ശാശ്വത പരിഹാരത്തിനുള്ള ഉടമ്പടി തയ്യാറാക്കിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. കേരള സര്‍ക്കാര്‍ നടത്തിയ ‘സാന്ത്വനം’ അദാലത്തില്‍ ഞങ്ങളുടെ പ്രദേശത്തുള്ള രക്ഷിതാക്കള്‍ നേരിട്ട് പങ്കെടുക്കുകയും ബഹുമാനപ്പെട്ട ശ്രീധന്യ ഐ.എ.എസ് ന് പരാതി കൈമാറുകയും ചെയ്തിരുന്നു.

കൂടാതെ ബഹുമാനപ്പെട്ട അങ്ങയുടെ ഓഫീസില്‍ നേരിട്ട് വരികയും ഞങ്ങളുടെ അതിജീവന പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഉണ്ടായി. അതോടൊപ്പം ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന കട്ടിപ്പാറ പഞ്ചായത്തിലേക്ക് നിയമപരമായി ഒരു ജനകീയ ധര്‍ണ്ണ സംഘടിപ്പിക്കുകയും വിഷയത്തിനു പരിഹാരം കണ്ടെത്തണമെന്ന് അപേക്ഷ നല്കുകയു ചെയ്തു. പക്ഷേ നാളിതുവരെയായി ഈ ദുര്‍ഗന്ധവിഷയത്തിന് യാതൊരുവിധ പരിഹാരവും ഉണ്ടായിട്ടില്ല.

ഈ പ്രദേശത്ത് അധിവസിക്കുന്ന ബഹുഭൂരിപക്ഷം കര്‍ഷകരും കര്‍ഷക തൊഴിലാളികളും കൂലിപ്പണിക്കാരും ഈ രൂക്ഷമായ ദുര്‍ഗന്ധത്തിനു മുന്നില്‍ അധികാരികളുടെ ഇടപെടലിനായി യാചിക്കുകയാണ്. സ്വന്തം വീടിന്റെ മുറ്റത്ത് പോലും ഇറങ്ങാന്‍ സാധിക്കാതെ ദുര്‍ഗന്ധം ശ്വസിച്ച് ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഈ വിഷയത്തിന്റെ ബലിയാടുകള്‍ ആണ്. അടച്ചുപൂട്ടലിന്റെ കോവിഡ് മഹാമാരി കാലത്ത് ഞങ്ങളുടെ സ്വന്തം വീടുകളില്‍ പോലും ശുദ്ധവായു ലഭിക്കാതെ ജീവിതം തള്ളിനീക്കേണ്ട ഗതികേടിലാണ് ഞങ്ങള്‍.

കോഴി അറവ് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കട്ടെ. പക്ഷേ ദുര്‍ഗന്ധം പരത്തി ഒരു നാടിനെ ആകെ ശ്വാസം മുട്ടിക്കുക അല്ലല്ലോ വേണ്ടത്. ആയതിനാല്‍ ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട ജില്ലാ കളക്ടര്‍ സമക്ഷ ത്തിങ്കല്‍ ദയവുണ്ടായി ഞങ്ങളുടെ ഈ അതിജീവന പ്രശ്‌നം പരിഹരിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന് വിശ്വസ്തതയോടെ,
റെയോണ എം. ആന്റു