ഫലസ്തീനെ ചോരയില്‍ മുക്കി ഇസ്രായേല്‍ വ്യോമാക്രമണം

ഫലസ്തീനെ ചോരയില്‍ മുക്കി ഇസ്രായേല്‍ വ്യോമാക്രമണം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗസ്സയില്‍ നടന്ന ആക്രമണത്തില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. ചുറ്റും ഉപരോധവലയില്‍ കഴിയുന്ന ഗസ്സയില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി നടത്തുന്ന വ്യോമാക്രമണങ്ങളില്‍ 10 കുട്ടികളുള്‍പെടെ 36 പേര്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയുന്നു. 220 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2014നു ശേഷം ഗസ്സയില്‍ നടക്കുന്ന ഏറ്റവും വലിയ വ്യോമക്രമണമാണിത്. തുടര്‍ച്ചയായ ആക്രമണത്തില്‍ ഗസ്സയിലെ ബഹുനില ജനവാസ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പുറമെ മെഡിക്കല്‍ ഉല്‍പാദന സ്ഥാപനങ്ങള്‍, ഡെന്റല്‍ ക്ലിനിക് എന്നിവയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ത്തത്.

തിരിച്ച് ഹമാസ് ഇസ്രായേലില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഫലസ്തീനികള്‍ക്ക് നേരെ നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ സേന കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സയില്‍ നിന്നും പിന്മാറണമെന്ന് ഗാസ ഭരിക്കുന്ന ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷമാണ് ഗാസയിലെ ഇസ്രായേല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു മലയാളി യുവതി കൊല്ലപ്പെട്ടിരുന്നു.