ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണില്‍ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റ് മരിച്ചു
ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണില്‍ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റു മരിച്ചു. വടക്കുകിഴക്കന്‍ തായ്ലന്‍ഡിലെ ഉഡോണ്‍ താനി പ്രവിശ്യയില്‍ താമസിക്കുന്ന യൂയാന്‍ സീന്‍പ്രാസെര്‍ട്ടാ(54) ആണ് മരിച്ചത്. മേയ് 6ന് രാത്രിയാണ് സംഭവം നടന്നത്. ഭര്‍ത്താവ് പിറന്നാള്‍ സമ്മാനമായി നല്‍കിയ പുതിയ ഫോണില്‍ ഗെയിം കളിക്കുമ്പോഴായിരുന്നു അപകടം. ബെഡില്‍ കിടന്നുകൊണ്ടാണ് യൂയന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചത്. ചാര്‍ജിംഗ് കേബിള്‍ ഇവരുടെ കൈത്തണ്ടയിലൂടെയാണ് കടന്നുപോയത്. ഭര്‍ത്താവ് വീടിന് പുറത്തുള്ള മത്സ്യക്കുളത്തിന് സമീപം നില്‍ക്കുമ്പോഴാണ് അപകടം നടക്കുന്നത്. കയ്യില്‍ പൊള്ളലേറ്റതിന് സമാനമായ പാടുകളുമായാണ് മൃതദേഹം കണ്ടെത്തിയത്. കൈകളില്‍ ഫോണിന്റെ കേബിള്‍ ചുറ്റിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു.