മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട രോഗി മരിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച കോവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. മരിക്കുന്നതിനു മുമ്പ് നകുലന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ച വീഡിയോയില്‍ തനിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ചിരുന്നു. വൃക്കരോഗിയായ നകുലന്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വൃക്കരോഗത്തിനുള്ള ചികിത്സ ലഭിച്ചില്ലെന്ന് നകുലന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ ആരോപിച്ചിരുന്നു.
രണ്ട് വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ചെയ്ത് വരുന്നയാളാണ് നകുലന്‍. ഇത്തവണ ഡയാലിസിസ് ചെയ്യാന്‍ എത്തിയപ്പോള്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കിടക്ക ലഭിച്ചില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും നകുലന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ഒരാഴ്ച മുന്‍പാണ് നകുലന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ആദ്യം ആശുപത്രിയുടെ വരാന്തയിലാണ് കിടത്തിയിരുന്നത്.
എന്നാല്‍, ഈ ആരോപണം തെറ്റാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇയാള്‍ക്ക് ലഭിക്കേണ്ട എല്ലാ ചികിത്സകളും ലഭ്യമാക്കിയതായി തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. വാര്‍ത്താക്കുറിപ്പിലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ഇക്കാര്യം അറിയിച്ചത്. പ്രാഥമിക പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതായും രോഗി ഉന്നയിച്ച പരാതികള്‍ ദ്രുതഗതിയില്‍ പരിഹരിച്ചിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.ഐ സി യുവില്‍ ചികിത്സയില്‍ ഇരിക്കെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടായതാണ് മരണകാരണമെന്നും വിശദമായ അന്വേഷണം നടത്താന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.