സംസ്ഥാനത്ത് കടല്‍ക്ഷോഭം ; വീടുകളില്‍ വെള്ളം കയറി
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം. മലപ്പുറം വെളിയങ്കോടും ആലപ്പുഴയിലും കോഴിക്കോട് തോപ്പയിലുമാണ് ശക്തമായ കടലാക്രമണമുണ്ടായത്. തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 30 വീടുകള്‍ അപകട ഭീഷണിയിലായി. ആലപ്പുഴയില്‍ ആറാട്ടുപുഴ, വലിയഴീക്കല്‍ മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തീരത്തുള്ള പല വീടുകളും അപകടാവസ്ഥയിലായി.
തീരദേശ റോഡ് തകര്‍ന്നു. കടല് ക്ഷോഭം തുടരുകയാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ റവന്യൂ അധികൃതര്‍ക്ക് ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. മലപ്പുറം വെളിയങ്കോട് കടല്‍ഭിത്തി തകര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. മഴ തുടര്‍ന്നാല്‍ കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറാന്‍ സാധ്യതയുണ്ട്. കോഴിക്കോട് തോപ്പയില് മേഖലയില്‍ ഉച്ചയോടെ വീടുകളില്‍ വെള്ളം കയറി. വൈകിട്ടോടെയാണ് വെള്ളമിറങ്ങിയത്. അതേസമയം തിരുവനന്തപുരം വിഴഞ്ഞത് 15 വീടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ട് ഉണ്ട്.