അതിതീവ്ര മഴക്ക് സാധ്യത ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍

കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. ആയതിനാല്‍ റെഡ് അലെര്‍ട്ടിന് സമാനമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

മെയ് 15 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മെയ് 16ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് തുടരും. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണെങ്കിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട്‌നു തുല്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളാനും നിര്‍ദ്ദേശമുണ്ട്.

അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും. എന്നാല്‍ കാറ്റിന്റെ ഗതിയെക്കുറിച്ച് വ്യക്തമായ പ്രവചനം ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച ഏഴു ജില്ലകളിലും ശനിയാഴ്ച ആറു ജില്ലകളിലും ഞായറാഴ്ച രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. ന്യൂനമര്‍ദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ മാറ്റങ്ങള്‍ വരുത്തുന്നതനുസരിച്ച് അലെര്‍ട്ടുകളില്‍ മാറ്റം വരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലില്‍ പോകരുതെന്നും നിലവില്‍ ആഴക്കടല്‍ മത്സ്യബന്ധത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കുന്നവര്‍ എത്രയും വേഗം തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന് നിര്‍ദേശം നല്‍കി. ന്യൂനമര്‍ദം ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലാക്രമണം ശക്തിപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ തീര പ്രദേശത്ത് താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളും ചെറിയ വെള്ളപ്പൊക്കങ്ങളും രൂപപ്പെടാന്‍ സാധ്യതയുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ മൂലം അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. അതേസമയം കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകളിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വൈദ്യുത വകുപ്പിനും ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.