ജീവനക്കാരന്‍ ബലാത്സംഗം ചെയ്ത കോവിഡ് രോഗി മരിച്ചു

ബലാത്സംഗത്തിനിരയായ കോവിഡ് രോഗി മരിച്ചു. ആശുപത്രി വാര്‍ഡിലെ ജീവനക്കാരന്‍ തന്നെ ബലാത്സംഗം ചെയ്തതായി 43 കാരിയായ രോഗി ഡോക്ടറോട് പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ രോഗം മൂര്‍ച്ഛിച്ച് യുവതി മരിക്കുകയായിരുന്നു. ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലാണ് സംഭവം നടന്നത്. ഏപ്രില്‍ ആദ്യവാരം നടന്ന സംഭവം പുറംലോകം അറിയുന്നത് കഴിഞ്ഞ ദിവസം കുറ്റവാളി അറസ്റ്റിലായതിന് ശേഷമാണ്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിയുകയും ഡോക്ടറോട് പറയുകയും ആയിരുന്നു. എന്നാല്‍ ആരോഗ്യനില പെട്ടന്ന് വഷളായതോടെ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും വൈകുന്നേരത്തോടെ അവര്‍ മരിക്കുകയും ചെയ്തു.

നിഷാദ്പുര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 40കാരനായ സന്തോഷ് അഹിര്‍വാറിനെ പൊലീസ് കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ്. സഹപ്രവര്‍ത്തകയായ സ്റ്റാഫ് നഴ്സിനെ ലൈംഗികമായി പീഡിപ്പിച്ചതിനും ജോലിസ്ഥലത്ത് മദ്യപിച്ച് വന്നതിനും ഇയാള്‍ മുന്‍പും ശിക്ഷാ നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്. എന്നാല്‍, പീഡന വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ വഴിവിട്ട നടപടികള്‍ സ്വീകരിച്ചു എന്നാണ് പീഡനത്തിരയായ സ്ത്രീയുടെ ബന്ധുക്കള്‍ പരാതിപ്പെടുന്നത്. എന്നാല്‍ വ്യക്തിവിവരങ്ങള്‍ പുറത്താകരുതെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിന് അപേക്ഷ നല്‍കിയിരുന്നു. എന്നും അത് കൊണ്ടാണ് മറ്റാരുമായും വിവരങ്ങള്‍ പങ്കിടാതിരുന്നതെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇര്‍ഷാദ് വാലി പറഞ്ഞു.