സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
എയര്‍ ഇന്ത്യ സാറ്റ്‌സ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വീണ്ടും അറസ്റ്റില്‍. ക്രൈം ബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ജയിലെത്തിയാണ് ക്രൈം ബ്രാഞ്ച് സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ക്രൈം ബ്രാഞ്ച് സ്വപ്നയെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സ്വപ്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ എല്‍എസ് സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതിയുണ്ടാക്കിയ കേസില്‍ പ്രതിയാണ്.
കേസില്‍ എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതിയാണ്. കേസില്‍ ഇരുവരും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന അറസ്റ്റിലായതിനെ തുടര്‍ന്ന് ഈ കേസും വലിയ ചര്‍ച്ചയായിരുന്നു. ഈ വിഷയം നടന്നപ്പോള്‍ സ്വപ്ന സുരേഷ് എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരിയായിരുന്നു. ഇതിനിടയില്‍ ജയിലില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സ്വപ്നയുടെ ആരോഗ്യം ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സ്വപ്നയുടെ അമ്മ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഫോ പോസ വിംഗ് അധികൃതര്‍ക്ക് കത്തയച്ചു.