ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ; നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും. ന്യൂനമര്‍ദ്ദ രൂപീകരണവും വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തില്‍ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനും ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതിനാലും തീരദേശത്തുള്ളവര്‍ അതീവജാഗ്രത പാലിക്കണം.
കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ – മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവജാഗ്രത പാലിക്കണം. ഏറ്റവും ഉയര്‍ന്ന മുന്നറിയിപ്പാണിത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്.സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. അഞ്ചു ജില്ലകളില്‍ കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്.
കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും കടല്‍ക്ഷോഭവുമാണ്. തിരുവനന്തപുരം ജില്ലയില്‍ ശക്തമായ കടലാക്രമണം തുടരുകയാണ്. പൊഴിയൂര്‍, പരുത്തിയൂര്‍, സൗത്ത് കൊല്ലംകോട് തീരങ്ങള്‍ കടലെടുത്തു. കഴിഞ്ഞ ദിവസം ഉണ്ടായ കടല്‍ക്ഷോഭത്തില്‍ 20 ഓളം വീടുകള്‍ തകര്‍ന്നു. വീട് നഷ്ടപ്പെട്ടവരെ ക്യാമ്പുകളിലേക്ക് മാറ്റി. കൊല്ലത്ത് രാവിലെ മുതല്‍ ശക്തമായ മഴ പെയ്യുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ 6 കപ്പലുകള്‍ കൊല്ലം തുറമുഖത്ത് നങ്കുരമിട്ടു. ജില്ലയിലെ ആലപ്പാട് പഞ്ചായത്തില്‍ ശക്തമായ കടല്‍ ക്ഷോഭമാണ് അനുഭവപ്പെടുന്നത്. നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങും.