കാസര്‍കോട് പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു

കാസര്‍കോട് പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു. കൂരാംകുണ്ട് സ്വദേശി സാബുവിനെയാണ് നാട്ടുക്കാര്‍ പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ചത്. അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കാനാണ് പിക്കപ്പ് വാനില്‍ സാബുവിനെ കൊണ്ടുപോയതെന്നാണ് കുടുംബാംഗങ്ങളും പഞ്ചായത്ത് അധികൃതരും പറയുന്നത്. സാബു പിന്നീട് ആശുപത്രിയില്‍വെച്ച് മരിച്ചു. ഭാര്യക്കും മകള്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്നു പേരും വീട്ടില്‍ നീരിക്ഷണത്തിലിരിക്കെയാണ് സാബുവിന് രോഗം കൂടിയത്.

ഗുരുതരാവസ്ഥയിലായ സാബുവിനെ പി പി കിറ്റ് ധരിച്ച് നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.നാല് പേര്‍ ചേര്‍ന്ന് കിടക്കയോടു കൂടി സാബുവിനെ തൂക്കിയെടുത്തു പിക്ക് അപ്പില്‍ കയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥ ആയതിനാല്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പേഴേക്കും സാബു മരിക്കുകയായിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വേഗം ആശുപത്രിയില്‍ എത്തിക്കാനാണ് പിക്കപ്പ് വാനില്‍ സേവ്യറിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് കുടുംബാംഗങ്ങളും പഞ്ചായത്ത് അധികൃതരും പറയുന്നത്. രോഗിയെ പിക്കപ്പ് വാനില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവം കൈകാര്യം ചെയ്ത രീതിയില്‍ വീഴ്ചയുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ജില്ലാ കലക്ടറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.