മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ മകനെ ഷോക്കടിപ്പിച്ചു കൊന്നു

മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ മകനെ ഷോക്കടിപ്പിച്ചു കൊന്നു. രാജസ്ഥാനിലെ ജെയ്‌സാല്‍മേര്‍ ജില്ലയിലെ അസ്‌കന്ദ്ര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരുമകളുടെ സഹായത്തോടെയാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്. ഏപ്രില്‍ 25 ന് നടന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. സംഭവത്തില്‍ പൊലീസ് മരുമകളേയും പിതാവിനേയും അറസ്റ്റ് ചെയ്തു. ഹീരലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഹീരലാലിന്റെ പിതാവ് മുകേഷ് കുമാറും ഭാര്യ പാര്‍ലിയുമാണ് അറസ്റ്റിലായത്.

ഷോക്കടിപ്പിച്ചാണ് ഹീരലാലിനെ ഇരുവരും കൊലപ്പെടുത്തിയത്. ഹീരലാലിന് നല്‍കിയ നാരങ്ങാ ജ്യൂസില്‍ ഉറക്കു ഗുളിക നല്‍കി മയക്കിയതിന് ശേഷം ഷോക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തി അടുത്ത ദിവസം ഇരുവരും തന്നെ മുന്‍കയ്യെടുത്ത് ധൃതിപ്പെട്ട് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഹീരലാലിന്റെ ബന്ധു മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എടുത്തിരുന്നതാണ് കേസില്‍ വഴിത്തിരിവായത്. ഈ ചിത്രങ്ങള്‍ കാണാനിടയായ ഹീരലാലിന്റെ മൂത്ത സഹോദരന്‍ ബോംരാജിനാണ് മരണത്തെ കുറിച്ച് ആദ്യം സംശയം തോന്നിയത്. മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടതാണ് സംശയത്തിന് കാരണം. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബോംരാജിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹീരാലാലിന്റെ ഭാര്യ പാര്‍ലിയെ കസ്റ്റെടിയില്‍ എടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്നാണ് കൊലപാതകത്തെ കുറിച്ച് വ്യക്തമായത്. ചോദ്യം ചെയ്യലില്‍ പാര്‍ലി കൊലപാതകം സമ്മതിക്കുകയായിരുന്നു. തൊഴില്‍രഹിതനായിരുന്ന ഹീരാലാല്‍ താനുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായി പാര്‍ലി പൊലീസിനോട് പറഞ്ഞു. ഇതോടെ പാര്‍ലി ഹീരാലാലിന്റെ പിതാവുമായി അടുത്തു.

ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഭര്‍തൃപിതാവിനൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നുവെന്ന് പാര്‍ലി പൊലീസിനോട് സമ്മതിച്ചു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.