ഒരു ഡോസ് സ്പുട്നിക് വാക്സിന് 995.40 രൂപ ; ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് വില കുറയും

റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്‌സിനായ സ്പുട്‌നിക്കിന്റെ വില നിശ്ചയിച്ചു. ഒരു ഡോസ് വാക്‌സീന് 995 രൂപയാണ് വില (ഒരു ഡോസിന് 948 + 5 ശതമാനം ജിഎസ്ടി (995.40 രൂപ) വാക്‌സിന്‍ വിതരണ ചുമതലയുള്ള ഹൈദരബാദിലെ റെഡ്ഡീസ് ലബോട്ടീസ് ആണ് വില പ്രഖ്യാപിച്ചത്. വാക്‌സീന്‍ ഉപയോഗിച്ചുള്ള ആദ്യ കുത്തിവയ്പ്പ് ഹൈദരബാദില്‍ നല്‍കിയതായും കമ്പനി അറിയിച്ചു. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്‌നിക്ക് വാക്‌സിന്‍ താമസിയാതെ തന്നെ വിതരണം ചെയ്ത് തുടങ്ങും. ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങുമ്പോള്‍ വില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.

അടുത്ത ആഴ്ചമുതല്‍ വാക്സിന്‍ വിപണിയില്‍ ലഭ്യമാകും. മെയ് ഒന്നിനാണ് സ്പുട്നിക് V ന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. വരും മാസങ്ങളില്‍ കൂടുതല്‍ ഡോസെത്തും. അതേസമയം ഇന്ത്യന്‍ നിര്‍മാണ പങ്കാളികളും വാക്സിന്‍ വിതരണം ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ വാക്സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ വാക്സിനേഷനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്നിക്കിന്. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്സിനാണ് സ്പുട്നിക് V. വാക്സിന്‍ പൗഡര്‍ രൂപത്തിലും ദ്രാവകരൂപത്തിലും ലഭ്യമാണ്.