ബ്ലാക്ക് ഫംഗസ് ബാധ കേരളത്തിലും
ബ്ലാക്ക് ഫംഗസിന്റെ സാന്നിധ്യം കേരളത്തിലും ഉണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാഷ്ട്രയിലും, ഗുജറാത്തിലും കാണുന്ന പ്രത്യേക ഫംഗല്‍ ഇന്‍ഫെക്ഷന്‍ അപൂര്‍വമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വരുന്നതിന് മുന്‍പും ഇത്തരത്തിലൊരു ഇന്‍ഫെക്ഷന്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സാമ്പിള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കല്‍ കോളജുകളിലെ ഇന്‍ഫെക്ഷന്‍ ഡിസീസ് ഡിപ്പാര്‍ട്ട്‌മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കൂടാതെ കുട്ടികള്‍ കോവിഡ് രോഗവാഹകരായേക്കാനുള്ള സാധ്യതയുണ്ട്. രോഗംവന്നാലും ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകാം. ഇക്കാര്യത്തില്‍ അനാവശ്യ ഭീതി പരത്തരുത്. മുതിര്‍ന്നവരുമായി ഇടപെടല്‍ കുറയ്ക്കുക, മാസ്‌ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയുര്‍വേദം, ഹോമിയോ മരുന്നുകള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഫലപ്രദമാണ്. കുട്ടികള്‍ക്കും അത് നല്‍കാവുന്നതാണ്. നടപടിക്ക് ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഹരിയാനയില്‍ ബ്ലാക് ഫംഗസ് ഒരു നോട്ടിഫൈഡ് രോഗമായി പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രി അനില്‍ വിജ് അറിയിച്ചു. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രിയില്‍ രോഗിക്ക് ബ്ലാക് ഫംഗസ് കണ്ടെത്തിയാല്‍ സിഎംഒ ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും രോഗം തടയുന്നതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അനില്‍ വിജ് വ്യക്തമാക്കി.