സത്യവാങ്മൂലം ഇല്ലാത്ത വാഹനം പോലീസ് പിടിച്ചു വെച്ചു , നടന്നു വീട്ടിലെത്തിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു

ആറ്റിങ്ങല്‍ : നഗരൂര്‍ പോലീസ് പരിധിക്ക് അകത്താണ് സംഭവം. നഗരൂര്‍ കൊടിവിള വീട്ടില്‍ സുനില്‍ കുമാര്‍ (56) ആണ് കുഴഞ്ഞു വീണു മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. രാവിലെ വീട്ടിലേയ്ക്ക് സാധനങ്ങളും മരുന്നും വാങ്ങുവാന്‍ സുനില്‍ കുമാര്‍ പുറത്തു ഇറങ്ങുകയായിരുന്നു. സാധനങ്ങള്‍ വാങ്ങി തിരിച്ചു വരുന്ന വഴിയാണ് പോലീസ് ചെക്കിങ് ഉണ്ടായിരുന്നത്. എവിടെ പോകുന്നു എന്ന് വ്യക്തമാക്കുവാനുള്ള സത്യവാങ്മൂലം ഇയാളുടെ കൈ വശം ഇല്ലായിരുന്നു. തുടര്‍ന്ന് പോലീസ് പിഴ അടക്കുവാന്‍ പറഞ്ഞു എങ്കിലും അതിനുള്ള കാശ് സുനില്‍ കുമാറിന്റെ കൈയ്യില്‍ ഇല്ലായിരുന്നു.

 

തുടര്‍ന്നാണ് പോലീസ് വാഹനം പിടിച്ചു വച്ച ശേഷം പിഴ ഒടുക്കി വാഹനം എടുത്തുകൊള്ളാന്‍ പറഞ്ഞു സുനിലിനെ വിടുന്നത്. തുടര്‍ന്ന് ഒരു കിലോമീറ്ററോളം ദൂരം നടന്നു തന്റെ വീട്ടില്‍ എത്തിയ സുനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ള ആളായിരുന്നു സുനില്‍. സംഭവത്തില്‍ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത് വന്നു. കോവിടിന്റെ പേരില്‍ ജന ജീവിതം ദുസ്സഹമാക്കുന്ന നിലയിലാണ് പോലീസ് ഇടപെടല്‍ എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അതേസമയം രാഷ്ട്രീയ പിടിപാട് ഉള്ളവര്‍ക്ക് തോന്നിയ പോലെ സഞ്ചരിക്കുവാനും അനുമതി ഉണ്ട് എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.