കോവിഡില്‍ അലംഭാവം കാട്ടി ; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍.എസ്.എസ്
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍.എസ്.എസ്. സര്‍ക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ അവഗണിച്ചതാണു രണ്ടാം തരംഗത്തിന് കാരണമായത് എന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് കുറ്റപ്പെടുത്തുന്നു. കോവിഡിന്റെ ആദ്യതരംഗത്തിനു ശേഷം എല്ലാവരും അശ്രദ്ധരായി. രണ്ടാം തരംഗംവരുമെന്ന് എല്ലാവര്‍ക്കും അറിവുള്ളതായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും ഇതിനെ അവഗണിച്ചെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.
ഇപ്പോള്‍ പറയുന്നു ഒരു മൂന്നാം തരംഗം വരുന്നെന്ന്. അതിനെ നമ്മള്‍ ഭയക്കണോ? അതോ വൈറസിനെ പ്രതിരോധിച്ച് വിജയിക്കാനുള്ള മനോഭാവം കാണിക്കോണോ?’- മോഹന്‍ ഭാഗവത് ചോദിച്ചു. ഇന്നത്തെ തെറ്റുകളില്‍ നിന്ന് പഠിച്ചുകൊണ്ട് മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം വളര്‍ത്തിയെടുക്കണമെന്ന് ആര്‍.എസ്.എസ് മേധാവി ആവശ്യപ്പെട്ടു. വിജയം അന്തിമമല്ല. പരാജയം മാരകവുമല്ല. തുടരാനുള്ള ധൈര്യം മാത്രമാണ് പ്രധാനം- ഭാഗവത് പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാന്‍ യുവാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനായി വിവിധ സംഘടനകളുമായി സഹകരിച്ച് ആര്‍.എസ്.എസ്സിന്റെ ‘കോവിഡ് റെസ്പോണ്‍സ് ടീം’ സംഘടിപ്പിച്ച ‘പോസിറ്റിവിറ്റ് അണ്‍ലിമിറ്റഡ്’ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. മെയ് 11 മുതല്‍ അഞ്ച് ദിവസം നീണ്ടുനിന്നതായിരുന്നു പ്രഭാഷണ പരമ്പര. വിപ്രോ ഗ്രൂപ്പ് സ്ഥാപകന്‍ അസിം പ്രേംജി, ആത്മീയ ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവര്‍ ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. പ്രഭാഷണ പരമ്പര ആര്‍എസ്എസ്സിന്റെ ഫെയ്സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്തിരുന്നു.