കാര്‍ വാങ്ങാന്‍ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ മാതാപിതാക്കള്‍ പിടിയില്‍

കാര്‍ വാങ്ങാന്‍ കുഞ്ഞിനെ വിറ്റ ദമ്പതികള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കന്നൗജിലാണ് സംഭവം. ഒന്നര ലക്ഷം രൂപയുടെ സെക്കന്‍ ഹാന്‍ഡ് കാര്‍ വാങ്ങാനാണ് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ദമ്പതികള്‍ വിറ്റതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മകളും ഭര്‍ത്തവും ചേര്‍ന്ന് കുഞ്ഞിനെ വിറ്റെന്ന് കുഞ്ഞിന്റെ മുത്തശ്ശനും മുത്തശ്ശിയും നല്‍കിയ പരാതിയാണ് ഇരുവരെയും കുടുക്കിയത്. ദമ്പതികളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ഗുര്‍സ്ഹായ്ഗഞ്ചിലുള്ള വ്യാപാരിക്കാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റത്. കുട്ടി ഇപ്പോഴും ഇയാളുടെ കയ്യിലാണുള്ളതെന്നും പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ കുട്ടികളെ വില്‍ക്കുന്നത് ഇത് ആദ്യ സംഭവമല്ല. നേരത്തെ, കര്‍ണാടകയില്‍ കര്‍ഷക തൊഴിലാളി മൂന്ന് വയസുള്ള കുട്ടിയെ വിറ്റ് മോട്ടോര്‍ബൈക്കും മൊബൈല്‍ ഫോണും വാങ്ങിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംശയം തോന്നിയ അയല്‍ക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ്, മക്കളില്ലാത്ത ദമ്പതികള്‍ക്ക് ഇയാള്‍ കുട്ടിയെ പണത്തിന് വിറ്റ വിവരം പുറത്ത് വരുന്നത്.