ഒരു സീറ്റ് കൊറോണയ്ക്കും കൂടി സീറ്റ് 801 ആക്കണം ; സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വീണ എസ് നായര്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുകയാണ് ഇപ്പോള്‍. 800 പേരാണ് ചടങ്ങില്‍ പങ്കെടുക്കുക എന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ സ്ഥിതീകരണം നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് ഇത്രകണ്ട് വ്യാപിക്കുന്ന അവസരത്തില്‍ ഈ ചടങ്ങു വേണമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍ ഇട്ട പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധേയമായി.
വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണമെന്നാണ് വീണ എസ് നായര്‍ പരിഹാസ രൂപേണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുകയും ലോക്ഡൗണ്‍ നീട്ടുകയും ചെയ്ത സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി നടത്തുന്നത് പ്രതിസന്ധികള്‍ രൂക്ഷമാക്കുമെന്ന ആശങ്കയുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വെര്‍ച്വലായി നടത്തണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തു വന്നിട്ടുണ്ട്. ഇത് കൊവിഡ് പ്രതിരോധത്തിന് വലിയ സന്ദേശം ആകുമെന്ന നിര്‍ദേശമാണ് ഐഎംഎ മുന്നോട്ട് വെച്ചത്. കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് ഐഎംഎയുടെ അഭ്യര്‍ത്ഥന. കേരളത്തില്‍ ലോക്ക്ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയേയും ഐഎംഎ അഭിനനന്ദിച്ചു. 20ാം തിയതി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനാണ് നിലവിലെ തീരുമാനം.
കൊവിഡ് വ്യാപനവും മഴയും ശക്തമായാല്‍ ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടായേക്കാം. സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രകാരം മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്കുമാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. എന്നാല്‍ ഐഎംഎ നിര്‍ദേശ പ്രകാരം സത്യപ്രതിജ്ഞ വെര്‍ച്വല്‍ ആയി നടക്കുകയാണെങ്കില്‍ ക്രമീകരണങ്ങളില്‍ മാറ്റം വരും.