ട്രാക്ടര്‍ ഓടിച്ചുകൊണ്ടു സെല്‍ഫി എടുക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം
തമിഴ്‌നാട്ടിലെ വാണിയമ്പാടിയിലെ ചിന്നമോട്ടൂര്‍ എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫിയെടുക്കുകയായിരുന്ന കെ സജീവന്‍ എന്ന യുവാവിനാണു ദാരുണാന്ത്യം സംഭവിച്ചത്. സെല്‍ഫി എടുക്കവേ വാഹനത്തോടൊപ്പം കിണറ്റില്‍ വീണാണ് സജീവന്‍ മരിച്ചത്. ചെന്നൈയില്‍ ഒരു കാറ്ററിങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. ട്രാക്ടറിലിരുന്ന് ഫോണില്‍ സെല്‍ഫി എടുത്ത സജീവിനോട് കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സുഹൃത്തുക്കള്‍ പ്രോത്സാഹിപ്പിക്കുകയും തുടര്‍ന്ന് ട്രാക്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് പിറകിലേക്ക് എടുത്ത് സജീവന്‍ സെല്‍ഫി എടുക്കുകയും ഇതിനിടെ പിന്നിലേക്ക് തെന്നിമാറിയ ട്രാക്ടര്‍ 120 അടി ആഴമുള്ള വലിയ കിണറ്റില്‍ വീഴുകയായിരുന്നു.
വെള്ളത്തിന് ഏതാണ്ട് 35 അടി താഴ്ചയുണ്ടായിരുന്നു. വെള്ളത്തില്‍ വീണ സജീവന്‍ വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. രക്ഷപെടുത്താന്‍ സജീവന്റെ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വിവരം അറിഞ്ഞെത്തിയ പ്രദേശത്തെ കര്‍ഷകര്‍ വിവരം പോലീസിനെയും അഗ്നിശമനസേനയെയും അറിയിക്കുകയും നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വെള്ളം വറ്റിച്ച് സജീവന്റെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുക്കുകയും ചെയ്തു. സെല്‍ഫി ഭ്രമം കാരണം നിരവധി അപകടങ്ങളും മരണങ്ങളും നമ്മുടെ നാട്ടില്‍ ഇപ്പോള്‍ തുടര്കഥയാണ്.