സത്യപ്രതിജ്ഞ : വേദി സെന്‍ട്രല്‍ സറ്റേഡിയം തന്നെ, പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ ആലോചന
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പറഞ്ഞ ദിവസത്തില്‍ സെന്‍ട്രല്‍ സറ്റേഡിയത്തില്‍ തന്നെ നടക്കും. അതേസമയം എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചേക്കുമെന്നാണ് വിവരം. മെയ് 20നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ഡ സത്യപ്രതിജ്ഞ ചടങ്ങ് മാത്രമാക്കി നടത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ സത്യപ്രതിജ്ഞ നടത്തി സര്‍ക്കാര്‍ മാതൃക കാട്ടണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയും ആവശ്യപ്പെട്ടിരുന്നു. അതേസമയം പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും തീരുമാനം. പന്തലിന്റെ ജോലികള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. പിണറായിയും മുന്‍ ധാരണ പ്രകാരമുള്ള 21 മന്ത്രിമാരും സത്യ പ്രതിഞ്ജ ചെയ്യും. പിന്നാലെ നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും . സത്യപ്രതിജ്ഞയ്ക്ക് നിയമസഭാ സെക്രട്ടറിയറ്റും ഒരുങ്ങി. 24, 25 തീയതികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പിനും ആദ്യസമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ് നിയമസഭാ സെക്രട്ടറിയറ്റ് തയ്യാറെടുപ്പ് നടത്തുന്നത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം അന്ന് തന്നെ ആദ്യ മന്ത്രിസഭായോഗം ചേരും. നിയമസഭാ സമ്മേളനം വിളിക്കാനുള്ള തീയതിയും പ്രോട്ടേം സ്പീക്കറെയും അന്ന് തന്നെ തീരുമാനിക്കും. പിന്നീട് ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറും. പിന്നീട് സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യും. ആദ്യത്തെ ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയും രണ്ടാംദിവസം സ്പീക്കര്‍ തെരഞ്ഞെടുപ്പുമാകും. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഒരുമാസം കഴിഞ്ഞാകും. ഈ സമ്മേളനം പിരിഞ്ഞാലുടന്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനും ബജറ്റിനും വീണ്ടും സഭാസമ്മേളനം വിളിച്ചുചേര്‍ക്കും.