ഗാസ ആക്രമണം ; ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് തുര്‍ക്കി
ഗസ്സയില്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനായി ചേര്‍ന്ന ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കണ്‍ട്രീസ് (ഓ.ഐ.സി) യോഗത്തില്‍ പൊട്ടിത്തെറിച്ച് തുര്‍ക്കി. ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലത്ത് കാവുസോഗ്ലു ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘അമേരിക്കയുടെ സമ്മര്‍ദം കാരണം ഒരു പ്രസ്താവന പുറത്തിറക്കാന്‍ പോലും യു എന്‍ രക്ഷാമിതിക്ക് കഴിഞ്ഞില്ല. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം പോലും അസാധ്യമായിരിക്കുകയാണ്.’ – അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ വിളിച്ചു ചേര്‍ത്ത യോഗം വിര്‍ച്ച്വല്‍ ആയാണ് നടന്നത്. അറബ്, മുസ്ലിം ലോകത്തിന്റെ നിസ്സംഗത മുതലെടുത്താണ് അധിനിവേശ ശക്തികള്‍ മസ്ജിദുല്‍ അഖ്സയില്‍ വരെ തേര്‍വാഴ്ച്ച നടത്തുന്നതെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.വിഷയത്തില്‍ അന്തര്‍ദേശീയ സമൂഹം അടിയന്തിരമായി ഇടപെടണമെന്ന് സൗദി മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആവശ്യപ്പെട്ടു. അതേസമയം തുടര്‍ച്ചയായ ഏഴാം ദിവസവും ഇസ്രായേല്‍ ഗസ്സയില്‍ മനുഷ്യക്കുരുതി തുടരുന്നു.
ഇന്ന് രാവിലെ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന രണ്ട് ഫ്ളാറ്റുകള്‍ പൂര്‍ണമായും തകര്‍ന്നു. ഹമാസ് തലവന്‍ യഹ്യ അല്‍ സിന്‍വാറിന്റെ വസതിക്കുനേരെയും ഇസ്രായേല്‍ ആക്രമണമുണ്ടായതായി ഫലസ്ഥീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും ആളപായമില്ല. ഇത്തവണ ഇസ്രായേല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് ഗസ്സ മുനമ്പിലുണ്ടായത്.