ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം

സി.വി എബ്രഹാം

പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുന്ന കേരളരാഷ്ട്രീയാചാര്യന്മാരും പ്രമുഖ പത്രമാധ്യമങ്ങളും പങ്കു വയ്ക്കുന്ന വാര്‍ത്തകളില്‍ നിന്നും ഈ സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസ്സിലാക്കുക ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. ചരിത്രമറിയാത്തവര്‍ ഈ മാധ്യമങ്ങളെ വിശ്വസിച്ച് ആശയ രൂപീകരണം നടത്തുന്നത് ആപല്‍ക്കരവും.

പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ന്യായീകരിച്ചുകൊണ്ടു തന്നെ പറയട്ടെ, ഈ സംഘര്‍ഷം ഹമാസിന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമായിരുന്നു; അല്ലെങ്കില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമായിരുന്ന ഒരു പ്രശ്‌നം 100 കണക്കിനു റോക്കറ്റുകള്‍ ഇസ്രയേലിലേയ്ക്കു തൊടുത്തുവിട്ടുകൊണ്ട്, അതും ഈ മിസൈലുകളൊന്നും അവരുടെ പ്രതിരോധ സംവിധാനത്തെ മറികടന്ന് അവിടെ കാര്യമായ നാശം വിതയ്ക്കാന്‍ പര്യാപ്തമല്ല എന്ന് മനസ്സിലാക്കിക്കൊണ്ട്, ഇങ്ങനെയൊരു സാഹസത്തിന് ഹമാസ് നേതൃത്വം മുതിരുകയില്ലായിരുന്നു.

പരാജയ ഭീതി മണത്ത പാലസ്റ്റീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് ആസന്നമായിരുന്ന തിരഞ്ഞെടുപ്പു മാറ്റിവച്ചതും, ഇറാനൊഴിച്ചുള്ള മിക്കവാറും അറബ് രാജ്യങ്ങളെല്ലാം ഇസ്രയേലുമായി അടുത്തുകൊണ്ടിരിക്കുന്നതും പലസ്തീന്‍ ജനതയുടെ ഇടയില്‍ ഹമാസിനുണ്ടായിരുന്ന പ്രഭാവത്തിനു മങ്ങലേല്പിച്ചു. ഗാസയില്‍ പ്രാതിനിധ്യമുണ്ടെങ്കിലും മുഴുവന്‍ പലസ്തീന്‍ ജനതയുടെയും ഇടയില്‍ തങ്ങളുടെ അപ്രമാദിത്യം തെളിയിക്കാനും, അവര്‍ക്കു വേണ്ടി പോരാടുന്നത് യഥാര്‍ത്ഥത്തില്‍ തങ്ങളാണെന്ന് അവരെ ബോധ്യപ്പെടുത്താനും ഹമാസിനു മുന്‍പില്‍ അവശേഷിച്ചിരുന്ന ഒരേയൊരു മാര്‍ഗം പ്രകോപനം സൃഷ്ടിക്കുക എന്നത് മാത്രമായിരുന്നു. അതിലൂടെ പലസ്തീന്‍ പ്രശ്‌നം ലോകശ്രദ്ധയില്‍ ജ്വലിപ്പിച്ചു നിറുത്തുവാനും അവര്‍ ആഗ്രഹിച്ചു. അതിനു വേണ്ടി അവര്‍ തിരഞ്ഞെടുത്ത മാര്‍ഗമായിട്ടാണ് ആത്മഹത്യാപരമായ ഈ മിസൈല്‍ ആക്രമണം വിലയിരുത്തപ്പെടുന്നത്.

ഇന്നലെ വരെയുള്ള കണക്കനുസരിച്ചു 3000 ത്തോളം മിസ്സൈലുകളാണ് അവര്‍ ഇസ്രയേലിലേയ്ക് തൊടുത്ത്. അവയില്‍ ലക്ഷ്യം കണ്ടവ വിരലിലെണ്ണാവുന്നവ മാത്രവും. സംഘര്‍ഷത്തിനു പിന്നിലുള്ള മറ്റൊരു കാരണമായി പറയുന്നത് കിഴക്കന്‍ ജറുസലേമിലുള്ള, യെഹൂദ പണ്ഡിതന്‍ ഷിമോണ്‍ ഹാട്‌സ്അദികിന്റെ (ക്രിസ്തുവിനു 300 വര്‍ഷം മുന്‍പ്) അതിപുരാതനമായ ശവകുടീരത്തിനു സമീപത്തു നിന്നും നാലു പലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. 1875ല്‍ ഒരു യെഹൂദ ഫൌണ്ടേഷന്‍ ഈ വീടുകള്‍ വിലയ്ക്കു വാങ്ങുകയും,യെമനില്‍ നിന്നും വന്ന യെഹൂദര്ക്ക് അവിടെ താമസിക്കാനായി വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

1948ലെ യുദ്ധ സമയത്ത് ജോര്‍ദാന്‍ പട്ടാളക്കാര്‍ ഇവിടം കൈവശപ്പെടുത്തിയ സമയത്താണ് ആ വീടുകള്‍ നാലും മുസ്ലിം വംശജര്‍ കൈയേറി അവിടെ താമസമാക്കുന്നത്. യുദ്ധശേഷം വീടുകളുടെ രേഖാമൂലമുള്ള ഉടമസ്ഥാവകാശം അംഗീകരിച്ച മുസ്ലിം കുടുംബങ്ങള്‍ ഫൗണ്ടേഷനു വാടക കൊടുത്തു കൊണ്ട് ഈ വീടുകളില്‍ താമസം തുടര്‍ന്നു.

1990 വരെ വാടകയ്ക്കു താമസിച്ചിരുന്ന ഇവര്‍ ബാഹ്യ പ്രേരണയാല്‍ അതിനു ശേഷം വാടക നല്‍കാതായി. അന്നു മുതല്‍ വ്യവഹാരത്തിലിരിക്കുന്ന ഈ കേസ് ഫൗണ്ടേഷന് അനുകൂലമായ വിധികള്‍ നിലനില്‍ക്കെ, ഹമാസിന്റെ പിന്തുണയില്‍ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചു കൊണ്ട് ഈ നാല് കുടുംബങ്ങളും അവിടെ താമസം തുടരുന്നു.

മറ്റൊന്ന് ഇസ്രായേല്‍ പൗരത്വമുള്ള അറബ് വംശജരാണ്; അവരുടെ രണ്ടാം തലമുറ വിദ്വേഷങ്ങളെല്ലാം മറന്ന് അന്തസ്സായി അതിര്‍ത്തിക്കിപ്പുറം ജീവിക്കുമ്പോള്‍ അപ്പുറത്തുള്ളവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഇവരെ അലോസരപ്പെടുത്തിയിരുന്നു. ഹമാസിന്റെ ഇടപെടലുകള്‍ സംഘര്‍ഷസമയങ്ങളില്‍ ആഭ്യന്തരകലാപമായി അത് രൂപം കൊള്ളുകയാണ്.

പ്രശ്‌ന പരിഹാരം സങ്കീര്‍ണമാണ്.

യെഹൂദനെ ഭൂമുഖത്തു നിന്നും തുടച്ചുമാറ്റണമെന്ന മനസ്ഥിതിയില്‍ നിന്നും പിന്നോട്ടു മാറാന്‍ വൈമനസ്യം കാണിക്കുന്ന ഹമാസും, അവര്‍ക്കു ശക്തി പകരുന്ന ഇറാനും, അവസരം പാര്‍ത്തിരിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള യെഹൂദന്‍ ദിവസേനയെന്നോണം തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെയും മുസ്ലിം തീവ്ര വാദികളുടെയും ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുമ്പോള്‍, യെഹൂദനായി എന്ന ഒറ്റക്കാരണത്താല്‍ ഈ ലോകത്തു ജീവിക്കാന്‍ അവസരം നിഷേധിക്കപ്പെടുന്ന അവസ്ഥ അംഗീകരിച്ചുകൊടുക്കാനാകുമോ ?

ഇസ്രയേലിന്റെ പക്കല്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ Iron Dome ഇല്ലാത്തഒരു സാഹചര്യത്തെപ്പറ്റി
വെറുതെ ഒന്നോര്‍ത്തു നോക്കുക, ഇസ്രായേല്‍ ജനതയുടെ അവസ്ഥ ഇന്നെന്താകുമായിരുന്നെന്ന്.

ഈ സംഘര്‍ഷ സാഹചര്യത്തില്‍ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ചു കൊണ്ട്, ഗ്യാസ് ചേംബറും, ഹോളോകോസ്റ്റും,രണ്ടാം ലോകമഹായുദ്ധകാലത്ത് 7 മില്യനോളം യെഹൂദരെ ചാരമാക്കിയതു മൊക്കെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കെട്ടുകഥകളെന്നു പറഞ്ഞു പരത്തുന്നവര്‍ അന്ധമായി ജൂദ വിരോധം വച്ച് പുലര്‍ത്തുന്നവരാണ്.

ജാതി, ന്യൂനപക്ഷ പ്രീണനം നടത്തുന്ന രാഷ്ട്രീയക്കാരും ഇവരില്‍ നിന്നും വ്യത്യസ്തരല്ല.