സത്യപ്രതിജ്ഞ വ്യാഴാഴ്ച ; പങ്കെടുക്കുക 500 പേര്‍ ; 500 വലിയ സംഖ്യയല്ല എന്ന് പിണറായി

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മുന്‍ തീരുമാനിച്ചത് പോലെ വ്യഴാഴ്ച 3: 30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ നടക്കും. ചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാല്‍ സത്യപ്രതിജ്ഞ പോലുള്ള ചടങ്ങില്‍ 500 എന്നത് വലിയ സംഖ്യയല്ലെന്നും 50,000 പേരെ ഉള്‍ക്കൊള്ളുന്ന സ്ഥലത്ത് 500 പേരെ പങ്കെടുപ്പിക്കുന്നത് തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം 50,000 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലമാണ്. എന്നാല്‍ സ്റ്റേഡിയത്തില്‍ 500 പേരുടെ സാന്നിധ്യമാണ് ഇക്കുറി സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി ഉണ്ടാവുക. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല എന്ന് കാണാന്‍ കഴിയും. 140 എംഎല്‍മാര്‍, 29 എംപിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. നിയമസഭ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാര്‍ലമെന്ററി പാര്‍ട്ടിയാണ് ഇതിനകത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിനാല്‍ അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമല്ല. ജനാധിപത്യത്തിന്റെ അടിത്തൂണുകളാണ് ലെജിസ്ലേറ്ററും എക്സിക്യൂട്ടീവും, ജൂഡീഷ്യറിയും’ മുഖ്യമന്ത്രി പറഞ്ഞു.

ക്ഷണിക്കപ്പെട്ടവര്‍ 2.45നകം സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍, ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളോ, രണ്ടു തവണ വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. എംഎല്‍എമാര്‍ക്ക് കോവിഡ് പരിശോധന നടത്താനുള്ള സംവിധാനം ഉണ്ടാകും. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തെരഞ്ഞെടുത്ത ജനമധ്യത്തില്‍ അവരുടെ ആഘോഷത്തിമിര്‍പ്പിനിടയിലാണ് സാധരണ നിലയില്‍ നടക്കേണ്ടത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ സത്യപ്രതിജ്ഞ നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ തോതില്‍ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.