ട്രിപ്പിള്‍ ലോക്ക് ഡൗണിനു ഇടയില്‍ കേക്ക് മുറിച്ച് എല്‍ ഡി എഫ് ; സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് എതിരെ സോഷ്യല്‍ മീഡിയ

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിച്ച ഇടതുജനാധിപത്യ മുന്നണിയുടെ നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയ. തിരുവനന്തപുരത്ത് എകെജി സെന്ററിലായിരുന്നു വിജയാഘോഷം. എല്ലാ ഘടകകക്ഷി നേതാക്കളുടേയും സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേക്ക് മുറിച്ചത്. കോടിയേരി ബാലകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍, എകെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയ എല്‍ഡിഎഫ് കക്ഷി നേതാക്കളുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി കേക്ക് മുറിച്ചത്.

അതേസമയം, കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മാതൃക കാട്ടേണ്ട രാഷ്ട്രീയ നേതാക്കള്‍ കൂട്ടം കൂടി നിന്ന് കേക്ക് മുറിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം വ്യാപകമായി. എല്‍ഡിഎഫ് നേതാക്കളായ കാനം രാജേന്ദ്രനും ജോസ് കെ മാണിയും കേക്ക് മുറിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഒട്ടേറെപേര്‍ വിമര്‍ശനവുമായി എത്തി. ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ രാഷ്ട്രീയ-സമൂഹിക കൂടിച്ചേരലുകള്‍ അടക്കം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. ജനങ്ങള്‍ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോള്‍ പുറത്ത് നേതാക്കള്‍ ആഘോഷിക്കുകയാണെന്ന് അടക്കമുള്ള വിമര്‍ശനമാണ് ഉയരുന്നത്.

കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ആക്കണമെന്ന് ഐഎംഎ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ ഇരിക്കെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ സത്യ പ്രതിജ്ഞ നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കേക്ക് മുറി വിവാദവും. ബിജെപി നേതാക്കള്‍ അടക്കം വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. നിയന്ത്രണങ്ങളൊന്നും എല്‍ഡിഎഫ് നേതാക്കള്‍ക്ക് ബാധകമല്ലേ എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.