രാജിക്കു പിന്നില്‍ ജീവനക്കാരിയുമായുള്ള ബില്‍ ഗേറ്റ്സിന്റെ വഴിവിട്ട ബന്ധമെന്ന് റിപ്പോര്‍ട്ട്
മൈക്രോസോഫ്റ്റിന്റെ ഡയരക്ടര്‍ ബോര്‍ഡില്‍നിന്ന് ബില്‍ ഗേറ്റ്സിന്റെ രാജിക്ക് കാരണമായത് ജീവനക്കാരിയുമായുള്ള ലൈംഗിക ബന്ധത്തിലെ അന്വേഷണത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലാണ് രാജിക്കു പിന്നിലെ രഹസ്യം പുറത്തുവിട്ടത്. കമ്പനി ജീവനക്കാരിയാണ് ബില്‍ ഗേറ്റ്സിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് മൈക്രോസോഫ്റ്റ് അന്വേഷണം ആരംഭിച്ചിരുന്നു. ലൈംഗിക ആരോപണത്തില്‍ അന്വേഷണം നടക്കുമ്പോള്‍ ബില്‍ ഗേറ്റ്സ് കമ്പനിയുടെ പദവിയില്‍ തുടരുന്നത് ഡയരക്ടര്‍ ബോര്‍ഡ് എതിര്‍ത്തിരുന്നെന്നും ഇതാണ് രാജിയിലേക്ക് വഴിവച്ചതെന്നും ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
2020 മാര്‍ച്ചിലാണ് മൈക്രോസോഫ്റ്റിന്റെ ഡയരക്ടര്‍ ബോര്‍ഡില്‍നിന്ന് ബില്‍ ഗേറ്റ്‌സ് രാജിവച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നായിരുന്നു അന്ന് വിശദീകരിച്ചിരുന്നത്. എന്നാല്‍, യഥാര്‍ത്ഥ കാരണം മറ്റൊന്നായിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൈക്രോസോഫ്റ്റില്‍ എഞ്ചിനീയറായിരുന്ന യുവതിയാണ് തനിക്ക് ദീര്‍ഘകാലം ബില്‍ ഗേറ്റ്സുമായി ലൈംഗികബന്ധമുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. 2019ല്‍ കമ്പനിയെ കത്തുമുഖേനയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. പരാതി ലഭിച്ചയുടന്‍ തന്നെ കമ്പനി അന്വേഷണത്തിനായി പുറത്തുനിന്നുള്ള ഒരു നിയമസ്ഥാപനത്തെ ചുമതലപ്പെടുത്തി.
അന്വേഷണത്തിലുടനീളം ജീവനക്കാരിക്ക് എല്ലാവിധ പിന്തുണയും കമ്പനി ഉറപ്പാക്കിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അതേസമയം ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും അടുത്തകാലത്തായി ബന്ധം വേര്‍പിരിഞ്ഞിരുന്നു. നീണ്ട 27 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഇരുവരും പരസ്യമാക്കുകയും ചെയ്തിരുന്നു. ദാമ്പത്യജീവിതം തിരിച്ചെടുക്കാനാകാത്ത വിധം തകര്‍ന്നുപോയെന്നായിരുന്നു വിവാഹമോചന അപേക്ഷയില്‍ മെലിന്‍ഡ വ്യക്തമാക്കിയത്. അതേസമയം വിവാഹമോചത്തിന് പിന്നില്‍ ഈ ലൈംഗിക ആരോപണം ഉണ്ടോ എന്ന അന്വേഷണത്തിലാണ് പാപ്പരാസികള്‍ ഇപ്പോള്‍.