കേരളത്തില്‍ ഇപ്പോള്‍ ഉള്ളത് പിണറായിസം ; പി സി ജോര്‍ജ്ജ്

മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെതിരെ ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജ് രംഗത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജ ടീച്ചറെ ഒഴിവാക്കിയത് വഴി കമ്മ്യൂണിസമല്ല പിണറായിസമാണ് നടപ്പിലാകുന്നതെന്നു പൊതു സമൂഹത്തിന് ബോധ്യമായതായി ജനപക്ഷ നേതാവ് പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു. രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് ശൈലജ ടീച്ചറും ടീച്ചറുടെ കീഴിലുള്ള ആരോഗ്യ വകുപ്പും പകര്‍ച്ചവ്യാധികളുടെ നാളുകളില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളായിരുന്നു.

2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പിന്‍ വാതിലിലൂടെ അധികാരത്തിലെത്തിയ ആളാണ് പിണറായി വിജയന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ച ശൈലജ ടീച്ചറെ ഒഴിവാക്കിയതും ഇതേ ലക്ഷ്യത്തോടുകൂടിയാണ്. ഇത് കേരളത്തില്‍ കമ്മ്യൂണിസം അല്ലാ പിണറായിസമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. കൂടാതെ തന്റെ ഫേസ്ബുക്ക് പേജില്‍ രസകരമായ ഒരു പോസ്റ്റും പി സി ഇട്ടിട്ടുണ്ട്. ‘ഉളിയെറിഞ്ഞു പെരുന്തച്ചന്‍….’ എന്ന തലക്കെട്ടില്‍ പെരുന്തച്ചന്‍ സിനിമയിലെ തിലകന്റെ ചിത്രമാണ് പി സി പങ്കുവെച്ചിരിക്കുന്നത്.