ആദ്യ ദലിത് ദേവസ്വം മന്ത്രിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പോര്
രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രി സഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തതിന് പിന്നാലെ ദേവസ്വം മന്ത്രിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വാക്പോര്. ചേലക്കര എം.എല്‍.എ കെ. രാധാകൃഷ്ണന്‍ ദേവസ്വം വകുപ്പ് മന്ത്രിയാകുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് തര്‍ക്കം തുടങ്ങുന്നത്. ‘കേരളത്തില്‍ ആദ്യമായി ദലിതനെ ദേവസ്വം മന്ത്രിയാക്കിയതിലൂടെ പിണറായി സര്‍ക്കാര്‍ വിപ്ലവകരമായ നീക്കമാണ്’ എന്ന തരത്തില്‍ കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ പോസ്റ്റ് ഇട്ടതാണ് തര്‍ക്കങ്ങള്‍ തുടങ്ങുവാന്‍ കാരണം.
എന്നാല്‍, ഇത് സത്യമല്ല കോണ്‍ഗ്രസ്സ് പല തവണയായി നടത്തിയിട്ടുണ്ട് എന്ന പേരില്‍ മറുപടി വന്നപ്പോള്‍ തര്‍ക്കം രൂക്ഷമായി. ഇപ്പോള്‍ അല്ല 40 വര്‍ഷം മുമ്പേ സംസ്ഥാനത്ത് ദലിതര്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. കേരളത്തില്‍ ആദ്യമായി ദലിത് വിഭാഗത്തില്‍ നിന്ന് ദേവസ്വം മന്ത്രിയായ വ്യക്തി കോണ്‍ഗ്രസ് നേതാവും മുന്‍ തൃത്താല എം.എല്‍.എയുമായ വെള്ള ഈച്ചരനായിരുന്നു. 1970 -77ലെ സി. അച്യുത മേനോന്‍ മന്ത്രിസഭയിലായിരുന്നു അദ്ദേഹം ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തത്. 1970ല്‍ തൃത്താലയില്‍ നിന്നും 1977ല്‍ വണ്ടൂരില്‍ നിന്നും നിയമസഭയിലെത്തിയ വെള്ള ഈച്ചരന്‍ കോണ്‍ഗ്രസ് പ്രതിനിധിയായാണ് അച്യുതമേനോന്‍ സര്‍ക്കാറില്‍ ദേവസ്വം മന്ത്രിയായത്.
തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാവ് കെ.കെ. ബാലകൃഷ്ണനും ദാമോദരന്‍ കാളാശ്ശേരിയും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തു. 1977 മാര്‍ച്ച് 25 മുതല്‍ 1977 ഏപ്രില്‍ 25 വരെയുള്ള കെ. കരുണാകരന്‍ മന്ത്രിസഭയിലും 1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്ടോബര്‍ 27 വരെയുള്ള എ.കെ. ആന്റണി മന്ത്രിസഭയിലുമായിരുന്നു ബാലകൃഷ്ണന്‍ മന്ത്രിയായത്. പിന്നീട് 1978ല്‍ പി.കെ. വാസുദേവന്‍ മുഖ്യമന്ത്രിയായപ്പോള്‍ ദാമോദരന്‍ കാളാശേരിയും ദേവസ്വം മന്ത്രിയായി. നിലവില്‍ കെ. രാധാകൃഷ്ണന്‍ പ്രതിനിധീകരിക്കുന്ന ചേലക്കരയുടെ ജനപ്രതിനിധിയായിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാവ് കെ.കെ ബാലകൃഷ്ണന്‍ ദേവസ്വം വകുപ്പ് മന്ത്രിയായത്. അതേസമയം, അക്കാലത്ത് ദേവസ്വം വകുപ്പ് ഉപവകുപ്പ് മാത്രമായിരുന്നു. ’96 -2001ലാണ് സ്വതന്ത്രചുമതലയുള്ള വകുപ്പായി മാറ്റിയത്.
അതിനിടെ, കെ.കെ. ബാലകൃഷ്ണന്റെ പേരിലുള്ള വിക്കിപീഡിയ പേജില്‍ നിന്ന് ‘ദേവസ്വം മന്ത്രിയായിരുന്നു’ എന്ന വിവരം ഇന്ന് രാവിലെ തിടുക്കത്തില്‍ എഡിറ്റ് ചെയ്ത് മാറ്റിയെന്ന ആരോപണവുമായി ഒറ്റപ്പാലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. പി. സരിന്‍ രംഗത്തെത്തി. നിമിഷാ പ്രസാദ് എന്നും അസീദ് കരീം എന്നും പേരുള്ള രണ്ടു വിക്കിപ്പീഡിയ അക്കൗണ്ടുകളില്‍നിന്നാണ് എഡിറ്റിങ് നടന്നത്. ഈ ആവശ്യത്തിനായി ഉണ്ടാക്കിയ രണ്ട് ഫേക്ക് അക്കൗണ്ടുകളാണിവ എന്നും സരിന്‍ ആരോപിച്ചു.