സംസ്ഥാനത്തെ ആദ്യ ബ്‌ളാക്ക് ഫങ്കസ് ബാധ മരണം തിരുവനന്തപുരത്ത്
ബ്‌ളാക് ഫങ്കസ് ബാധയുടെ ഭീതി നിലനില്‍ക്കെ സ്വകാര്യ സ്‌കൂള്‍ അധ്യാപിക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍വെച്ച് മരിച്ചു. ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) പിടിപെട്ട് ചികിത്സയിലായിരുന്ന മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറിന്റെ ഭാര്യയും കന്യാകുമാരി സി. എം. ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപികയുമായ അനീഷാ പ്രദീപ് കുമാര്‍ (32) ആണ് മരിച്ചത്. ഇതേ സ്‌കൂളിലെ അക്കൗണ്ടന്റായ പ്രദീപും അനീഷയും കന്യാകുമാരി അഞ്ച് ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
മേയ് ഏഴിന് അനീഷക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് രണ്ടുപേരും ഹോം ക്വാറ?ന്റൈനില്‍ കഴിഞ്ഞു. രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ശ്വാസംമുട്ടല്‍ കൂടി. ഇതോടെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രദീപിന് രോഗലക്ഷണമില്ലാത്തതിനാല്‍ സമീപത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നു. മെയ് 12ന് കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് വരുന്നതുവഴി അനീഷക്ക് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടു കണ്ണുകള്‍ക്കും വേദന രൂക്ഷമായി.
ഇതേ തുടര്‍ന്ന് വീണ്ടും നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ്? ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മര്‍ദ്ദം ഉയരുകയും ഇരു വൃക്കകളിലും സോഡിയം അടിയുകയും ചെയ്തതായി കണ്ടെത്തിയെങ്കിലും ബ്ലാക്ക് ഫംഗസ് ആണെന്ന് തിരിച്ചറിയാന്‍ നാഗര്‍കോവില്‍ മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ആദ്യം സാധിച്ചില്ല. മെയ് 16നാണ് ഇത് സ്ഥിരീകരിച്ചത്. ഇതോടെ അനീഷയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. 18ന് വൈകീട്ടോടെ തിരുവനന്തപുരത്ത്? എത്തിച്ചെങ്കിലും ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു. ബുധനാഴ്ച വൈകീട്ട്? ആറിനാണ്? മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം വ്യാഴാഴ്ച കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തും.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ ഉയരുന്നുണ്ടെന്നും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ലിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. അതിനാല്‍ രോഗബാധിക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ മറ്റുള്ളവര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ കേരളം അതിനെതിരെ ജാഗ്രത ആരംഭിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് 15 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് രോഗികളില്‍ ചികിത്സയില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിലനിര്‍ത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ ചികിത്സാ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം.