ലോക്ക് ഡൌണ്‍ തടസമായി ; തൃശൂരില്‍ നാല് ടണ്‍ പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍

വില്‍ക്കാന്‍ സാധിക്കാതെയും വിചാരിച്ച വില കിട്ടാതെ വരുമ്പോഴും കര്‍ഷകര്‍ പച്ചക്കറിയും മറ്റും നശിപ്പിച്ചു പ്രതിഷേധിക്കുന്ന വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. കൂടുതലും നോര്‍ത്ത് ഇന്ത്യയില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുന്നത്. എന്നാല്‍ സമാനമായ ഒരു സംഭവമാണ് കേരളത്തിലും ഇപ്പോള്‍ അരങ്ങേറിയത്. തൃശൂര്‍ ചേലക്കരയില്‍ ആണ് വിളവെടുത്ത പച്ചക്കറി കാട്ടില്‍ തള്ളി കര്‍ഷകര്‍ പ്രതിഷേധിച്ചത്. നാല് ടണ്‍ പാവലും പടവലവുമാണ് ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ ഉപേക്ഷിച്ചത്. വിളവെടുത്തവ വിറ്റഴിക്കാന്‍ കഴിയാതെ വന്നതും സംഭരിച്ചു വയ്ക്കാന്‍ സംവിധാനം ഇല്ലാത്തതുമാണ് വെല്ലുവിളിയായത്.

വിളവെടുത്തവ വിറ്റഴിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വാങ്ങാനാളില്ലാതെ കര്‍ഷക സമിതിയില്‍ കെട്ടിക്കിടന്ന പാവലും പടവലവുമാണ് കര്‍ഷകര്‍ കാട്ടില്‍ തള്ളിയത്. കളപ്പാറ വിഎഫ്പിസികെ സമിതിയില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന പച്ചക്കറികളാണു കളയേണ്ടി വന്നത്. വിളവെടുത്ത ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ വന്നത് തിരിച്ചടിയായി. വിളകള്‍ വാങ്ങി വാഹനങ്ങളില്‍ വില്‍പന നടത്തുന്നവരും ലോക്ക് ഡൗണില്‍ കുടുങ്ങി. മഴ മൂലം പാവല്‍ ഉണക്കി സൂക്ഷിക്കാനും പറ്റാതായതോടെയാണ് കാട്ടില്‍ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായത്. സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ടില്ല എങ്കില്‍ വരും ദിവസങ്ങളിലും ഇത്തരം പ്രതിഷേധം തുടരുവാന്‍ ആണ് സാദ്യത. ലക്ഷങ്ങളുടെ നഷ്ടമാണ് ലോക് ഡൌണ്‍ കാരണം കര്‍ഷകര്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.