തുടര്‍സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

സര്‍ക്കാരിന് എതിരെ തുടര്‍സമരത്തിനൊരുങ്ങി വാളയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടികളുടെ അമ്മ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ പിറ്റേ ദിവസമായ മെയ് 21ന് തുടര്‍ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാര്‍ സമര സമിതി അറിയിച്ചു. വാളയാര്‍ അട്ടപ്പളളത്തെ പെണ്‍കുട്ടികളുടെ വീട്ടിലാണ് സമര പ്രഖ്യാപനം നടത്തുക. ഇടതു സര്‍ക്കാരിന്റേത് നീതിനിഷേധമാണെന്നും സമരസമിതി കൂട്ടിച്ചേര്‍ത്തു. കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഇപ്പോഴും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇവര്‍ക്കെതിരെ നടപടി ഉണ്ടാകും വരെയും സമരം നടത്തുമെന്നും സമര സമിതി അറിയിച്ചു. നേരത്തെ നീതിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ പിണറായിക്ക് എതിരെ പെണ്‍കുട്ടികളുടെ അമ്മ മത്സരിച്ചിരുന്നു.