കേരളം ഒരേ സ്വരത്തില്‍ ചോദിക്കുന്നു ; ടീച്ചറിന്റെ വിടവ് നികത്താന്‍ വീണാ ജോര്‍ജ്ജിന് ആകുമോ ?

മന്ത്രി സഭാ രൂപകരണത്തില്‍ ഏവരും ഉറ്റു നോക്കിയ ഒന്നാണ് ആരായിരിക്കും ആരോഗ്യ മന്ത്രി എന്നത്. വീണാ ജോര്‍ജ്ജിന് ആണ് ആ നറുക്ക് വീണത്. പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പിനെ നയിക്കുന്നത് വീണ ജോര്‍ജാണ്. ആരോഗ്യ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച കെകെ ശൈലജയുടെ പിന്‍ഗാമിയായി എത്തുന്ന വീണ ജോര്‍ജിന് കാത്തിരിക്കുന്നത് വന്‍ ഉത്തരവാദിത്വങ്ങളാണ്.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തവാദിത്വം വളരെ നന്നായി തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും നിര്‍വഹിക്കാന്‍ താന്‍ തയ്യാറാണെന്നുംവീണ ജോര്‍ജ് പറഞ്ഞിരുന്നു. മികച്ച പ്രകടനം കൊണ്ട് ആഗോളതലത്തില്‍ വരെ ജനശ്രദ്ധ പിടിച്ച് പറ്റിയ മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തതിനെ തുടര്‍ന്ന് വന്‍ തോതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

അതുപോലെ മന്ത്രിമാരെ നിശ്ചയിച്ചതിലെ പുതുമയും അപ്രതീക്ഷിതത്വവും വകുപ്പ് വിഭജനത്തിലും പിണറായി നിലനിര്‍ത്തി. പാര്‍ട്ടിയിലെ സീനിയോറിറ്റി മറികടന്ന് സുപ്രധാന വകുപ്പുകള്‍ യുവ നേതാക്കള്‍ നല്‍കി. മന്ത്രിസഭയിലെ രണ്ടാമാനാരെന്ന ചോദ്യത്തെ പോലും നിഷ്പ്രഭമാക്കുന്നതായി മാറി വകുപ്പ് വിഭജനം. ഒന്നാം പിണറായി മന്ത്രി സഭയില്‍ വ്യവസായവും ധനവും ആരോഗ്യവുമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തതത് കേന്ദ്ര കമ്മറ്റി അംഗങ്ങള്‍. സ്വാഭാവികമായും എംവി ഗോവിന്ദനും കെ രാധാകൃഷ്ണനും കേന്ദ്രകമ്മറ്റി അംഗങ്ങളെന്ന നിലയില്‍ ആ പരിഗണന വകുപ്പ് വിഭജനത്തില്‍ ലഭിക്കുമെന്ന് പലരും കരുതി.

എന്നാല്‍ കഴിഞ്ഞ തവണ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന്‍ കൈകാര്യം ചെയ്ത വ്യവസായ വകുപ്പിലേക്ക് ഇത്തവണയെത്തിയത് നിയമസഭയിലെ പുതുമുഖമായി പി രാജീവ്. കണക്കിലെ കളികളില്‍ അസാമാന്യ പാടവം കാട്ടാറുള്ള കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്കിന് പകരക്കാരാനായി സംസ്ഥാനത്തിന്റെ കണക്ക് പിള്ളയായി എത്തുന്നതും സഭയിലെ മറ്റൊരു പുതുമുഖം കെ.എന്‍ ബാലഗോപാല്‍. പാര്‍ട്ടിയിലെ മറ്റൊരു സീനിയറായ ജി സുധാകരന് കൈവശം വെച്ചിരുന്ന പൊതുമരാമത്തിന്റെ നാഥനായി എത്തിയത് യുവജന നേതാവ് പിഎ മുഹമ്മദ് റിയാസ്.

അങ്ങനെ പാര്‍ട്ടിയിലെ സീനിയോറിറ്റിയൊന്നും വക വെക്കാതെയുള്ള വകുപ്പ് വിഭജനമെന്ന് നിസംശയം പറയാം. ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നീക്കവും അതുവരെ പറഞ്ഞ് കേട്ടതില്‍ നിന്നും വിഭിന്നമായിരുന്നു. ഇങ്ങനെ കണക്ക് കൂട്ടലുകളേയും പ്രതീക്ഷകളേയും ഒക്കെ അസ്ഥാനത്താക്കിയുള്ള നീക്കമാണ് പിണറായി വിജയനും സിപിഎമ്മും നടത്തിയിരിക്കുന്നത്. ഇതോടെ ഈ മന്ത്രിസഭയില്‍ ഒന്നാമന്‍ രണ്ടാമന്‍ എന്നിങ്ങനെ തരാം തിരിവ് ഇല്ലാതെ ഒന്നാമന്‍ മാത്രമായി.