കൊറോണ കാരണം സമ്പന്നര്‍ ആയവരുടെ ലിസ്റ്റ് പുറത്ത്

കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടുമുള്ള സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ചപ്പോള്‍, കോവിഡിനെ ഉപയോഗിച്ച് കോടീശ്വരന്‍മാരായവരും ഏറെയാണ് എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത് .ലോകം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ വാക്‌സിന്‍ വിറ്റ് ശതകോടീശ്വരന്‍മാരായവരാണ് ഇവര്‍… പീപ്പിള്‍സ് വാക്‌സിന്‍ അലയന്‍സാണ് ഈ ഫാര്‍മ കമ്പനി ഉടമകളുടെ പട്ടിക പുറത്തുവിട്ടത്.

കോവിഡ് വാക്‌സിന്റെ നിര്‍മ്മാണ വിതരണത്തിലൂടെ ഇവരുടെ ആസ്തി 19.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് പീപ്പിള്‍സ് വാക്‌സിന്‍ അലയന്‍സ് ചൂണ്ടിക്കാട്ടുന്നത്. ഈ തുകയ്ക്ക് ദരിദ്ര രാഷ്ട്രങ്ങളിലെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നുമാണ് വാക്‌സിന്‍ അലയന്‍സ് വെളിപ്പെടുത്തുന്നത്. മോഡേണയുടെ സി.ഇ.ഒ സ്റ്റീഫന്‍ ബാന്‍സെല്‍,സി.ഇ.ഒയും ബയോടെക്കിന്റെ സഹസ്ഥാപകനുമായ ഉഗുര്‍ സാഹിന്‍, ഇമ്യൂണോളജിസ്റ്റും മോഡേണയുടെ സ്ഥാപക നിക്ഷേപകനുമായ തിമോത്തി സ്പ്രിംഗര്‍, മോഡേണയുടെ ചെയര്‍മാന്‍ നൗബര്‍ അഫിയാന്‍ അടക്കം ഒന്‍പതുപേരാണ് ശതകോടീശ്വരന്‍മാരുടെ പട്ടികയിലുള്ളത്.

കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനും അദാര്‍ പൂനവാലയുടെ പിതാവുമായ സൈറസ് പൂനവലയുടെ വരുമാനത്തിലും കൊറോണയുടെ വരവോടെ വന്‍ വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം 8.2 ബില്യണ്‍ ഡോളറായിരുന്നവെങ്കില്‍ 2021 ല്‍ 12.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ജനം എന്ത് വില നല്‍കാനും ശ്രമിക്കുമെന്നുള്ള ഉറപ്പാണ് ഈ അവസരത്തിലും കൊള്ളലാഭമെന്ന ലക്ഷ്യം നേടാന്‍ കുത്തക കമ്പനികളെ പ്രേരിപ്പിക്കുന്നത്. ലോക ജനതയുടെ പണം കൊണ്ടാണ് ഇവര്‍ കോടീശ്വരന്‍മാരാകുന്നതെന്നും പീപ്പിള്‍സ് വാക്‌സിന്‍ അലയന്‍സ് കുറ്റപ്പെടുത്തി.

ജി 20 ആഗോള ആരോഗ്യ ഉച്ചകോടിക്ക് മുന്നോടിയായാണ് വാക്‌സിനായി പ്രചാരണം നടത്തുന്ന സംഘടനകളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ പീപ്പിള്‍സ് വാക്‌സിന്‍ അലയന്‍സ് അംഗങ്ങള്‍ കോടീശ്വരന്‍മാരുടെ കണക്കുകള്‍ ശേഖരിച്ചത്. ഇതുപ്രകാരം, കോവിഡില്‍ ഇവരുടെ ആസ്തി 19.3 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. ഈ പണമുപയോഗിച്ച് ദരിദ്രരാജ്യങ്ങളിലെ മുഴുവന്‍ ആള്‍ക്കാരെയും 1.3 തവണ വാക്‌സിനേറ്റ് ചെയ്യാമെന്നും പീപ്പിള്‍സ് വാക്‌സിന്‍ അലയന്‍സ് വെളിപ്പെടുത്തുന്നു. വാക്‌സിന്‍ എന്നത് പണസമ്പാദനത്തിനുള്ള മാര്‍ഗം മാത്രമാകരുത്. നന്മയായിരിക്കണം അതിനു പിന്നിലെ ഘടകം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വലിയവില നല്‍കി വാക്‌സിന്‍ വാങ്ങാനാകാത്ത സാഹചര്യമുണ്ട്. വാക്‌സിന്‍ ഉത്പാദന രംഗത്തെ കുത്തകവത്കരണം അവസാനിപ്പിച്ചാലെ അതിനു പരിഹാരമുണ്ടാകുവെന്നും പീപ്പിള്‍സ് വാക്‌സിന്‍ അലയന്‍സ് വാദിച്ചു.