വഴിവിട്ട ജീവിതം ; ഇറാനിയന്‍ സംവിധായകനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി
ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ബാബക് ഖൊറാംദിനെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. 47 വയസുക്കാരനായ ഇദ്ദേഹത്തിന്റെ അവിവാഹിത ബന്ധങ്ങളും വഴിവിട്ട ജീവിതവുമാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പടിഞ്ഞാറന്‍ ടെഹ്റാനിലെ എക്ബത്താനില്‍ മാലിന്യ സഞ്ചികളിലും സ്യൂട്ട്കേസിലുമായാണ് മൃതദേഹം കണ്ടെത്തിയത്. കൈ കാലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. മയക്കുമരുന്ന് നല്‍കിയതിന് ശേഷമാണ് കൊല നടത്തിയതെന്ന് ബാബാക്കിന്റെ പിതാവ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന്റെ കൂടുതല്‍ തെളിവുകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയതായി ഇറാന്‍ പൊലീസ് പറഞ്ഞു.
ക്രാവിസ്, ഓത്ത് ടു യാഷര്‍ ഉള്‍പ്പെടെ നിരവധി ഹ്രസ്വചിത്രങ്ങള്‍ ബാബക് സംവിധാനം ചെയ്തിരുന്നു. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുരഭിമാന കൊലപാതകമാണ് നടന്നത് എന്ന് പോലീസ് പറയുന്നു. ‘മകന്‍ കാരണം തങ്ങള്‍ സുരക്ഷിതര്‍ അല്ലായിരുന്നു എന്നും. തങ്ങളുടെ നിത്യ ജീവിതം തന്നെ അവതാളത്തിലായിരുന്നു എന്നും അവനു തോന്നിയത് പോലെയാണ് അവന്‍ ജീവിച്ചരുന്നത് എന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഏറെക്കാലം ലണ്ടനില്‍ താമസമായിരുന്ന ബാബക് 2010 ലാണ് സ്വന്തം നാട്ടില്‍ തിരികെ എത്തുന്നത്.