രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം പിണറായി വിജയനും തുടര്‍ന്ന് കെ. രാജന്‍ (സി.പി.ഐ), റോഷി അഗസ്റ്റിന്‍ (കേരള കോണ്‍ഗ്രസ് എം), കെ. കൃഷ്ണന്‍കുട്ടി (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രന്‍ (എന്‍.സി.പി), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), വി. അബ്ദുറഹ്മാന്‍ (എല്‍.ഡി.എഫ് സ്വത.), ജി.ആര്‍. അനില്‍ (സി.പി.ഐ), കെ.എന്‍. ബാലഗോപാല്‍ (സി.പി.എം), പ്രഫ. ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി (സി.പി.ഐ), എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (സി.പി.എം), അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ് (സി.പി.ഐ), കെ. രാധാകൃഷ്ണന്‍ (സി.പി.എം), പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍ കുട്ടി, വി.എന്‍. വാസവന്‍, വീണ ജോര്‍ജ് എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു.
മുഖ്യമന്ത്രി പിണറായി വിജയന്‍, കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, പ്രഫ. ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍ കുട്ടി, വി.എന്‍. വാസവന്‍ എന്നിവര്‍ ‘സഗൗരവ’ത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു, വി. അബ്ദുറഹ്മാന്‍, വീണ ജോര്‍ജ് എന്നിവര്‍ ദൈവനാമത്തിലും അഹമ്മദ് ദേവര്‍കോവില്‍, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ അല്ലാഹുവിന്റെ നാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും. ഗവര്‍ണര്‍ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം ഇറക്കും.
കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍, ഹൈക്കോടതിയുടെ നിര്‍ദേശം പാലിച്ച് പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചാണ് സത്യപ്രതിജ്ഞ നടന്നത്. പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയത്. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനാല്‍ പ്രതിപക്ഷം ചടങ്ങില്‍ പങ്കെടുത്തില്ല.