പുതിയ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനത്ത് അതിദാരിദ്രും ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഗതിയായ ഓരോ വ്യക്തിയേയും, ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാര്‍ഹികവുമായ പദ്ധതികളിലൂടെ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആരോഗ്യം വിദ്യാഭ്യാസം പാര്‍പ്പിടം എന്നീ മേഖലകളിലെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാരിന്റെ മുന്‍ഗണന. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ നയം രൂപീകരിക്കും. ഒരാളേയും ഒഴിച്ചു നിര്‍ത്താത്ത വികസന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമെന്നും 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമെത്തിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിന് മുന്‍ഗണ നല്‍കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ പ്രത്യേക നയം രൂപപ്പെടുത്തും. കേരളത്തിലെ യുവാക്കള്‍ക്ക് തൊഴിലുകള്‍ സൃഷ്ടിക്കും. 5 വര്‍ഷം കൊണ്ട് ആധുനികവും ഉയര്‍ന്ന തൊഴില്‍ ശേഷിയുള്ളതുമായ ഉല്‍പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കും. 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ഷിക മേഖലയില്‍ ‘ഉല്‍പാദനക്ഷമത, ലാഭ സാധ്യത, സുസ്ഥിരത’ എന്ന മുദ്രാവാക്യം നടപ്പിലാക്കും. ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്കുള്ള സാധ്യത പ്രയോജനപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കും. 2025ഓടെ പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംപിയുമായ കെകെ രാഗേഷിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആയി മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ആര്‍ മോഹനെയും നിയമിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ദിനേശന്‍ പുത്തലത്ത് ആണ് പൊളിറ്റിക്കല്‍ സെക്രട്ടറി.