കോവിഡിന് പിന്നാലെ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ്

കോവിഡ് മഹാമാരിക്ക് പിന്നാലെ ബ്ലാക്ക് ഫംഗസ് ഭീതിയില്‍ രാജ്യം. ഇതിനോടകം രാജ്യത്ത് ഏഴായിരത്തിലേറെ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരില്‍ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് കഴിഞ്ഞവര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, കോവിഡ് രണ്ടാം തരംഗത്തില്‍ ബ്ലാക്ക് ഫംഗസ് ബാധ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കാണുന്നുണ്ട്. അതുപോലെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചതോടെ രാജ്യത്തു അപകടകരമായ സാഹചര്യം ഉടലെടുത്തിരിയ്ക്കുകയാണ്.

രാജ്യത്ത് ഇതുവരെ 7,250 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഇതുവരെ 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. മഹാരാഷ്ട്രയില്‍ രണ്ടായിരത്തിലധികം കേസുകളാണ് ഉള്ളത്. അതുപോലെ ബ്ലാക്ക് ഫംഗസ് ബാധ പ്രധാന വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ പ്രവര്‍ത്തകര്‍ കരുതിയിരിക്കണം. ബ്ലാക്ക് ഫംഗസ് ബാധയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. അതേസമയം കൊവിഡിന്റെ മൂന്നാം വകഭേദം കുട്ടികളെ ബാധിക്കുമെന്ന ആശങ്ക തള്ളാതെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ രംഗത്തെത്തി.

കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു. അവശ്യമരുന്ന് ദൗര്‍ലഭ്യം പരിഹരിക്കാന്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍ ഫലപ്രദമായെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബ്ലാക്ക് ഫംഗസിനെ സംസ്ഥാനങ്ങള്‍ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിക്കണം. വലിയ രീതിയില്‍ പടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. അതിനാല്‍ കൂടുതല്‍ നിയന്ത്രണ നടപടികള്‍ ഉണ്ടായേക്കുമെന്നും വിവരം.