മുംബൈ ബാര്‍ജ് ദുരന്തം ; മരിച്ചവരുടെ എണ്ണം 49 ആയി ; മൂന്ന് മലയാളികളും

മുംബൈയില്‍ തീരത്തിന് സമീപം ടൗട്ടേ ചുഴലിക്കാറ്റില്‍പ്പെട്ട് അറബിക്കടലില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. 25 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.കല്‍പ്പറ്റ വടുവഞ്ചാല്‍ സ്വദേശി സുമേഷിന്റെ മൃതദേഹം ആണ് ഏറ്റവും ഒടുവിലായി തിരിച്ചറിഞ്ഞത്. കല്‍പ്പറ്റ സ്വദേശി ജോമിഷ്, കോട്ടയം ചിറക്കടവ് സ്വദേശി സസിന്‍ ഇസ്മായില്‍ എന്നിവരാണ് മരിച്ച മറ്റു മലയാളികള്‍. അതേസമയം അഞ്ചു മലയാളികളെ കൂടി കണ്ടെത്താന്‍ ഉണ്ട് എന്നും വിവരങ്ങള്‍ ഉണ്ട്.

വടുവന്‍ചാല്‍ മേലെ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു സുമേഷ്. കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകന്‍ സനീഷ് ജോസഫിനെ കാണാതായിട്ടുണ്ട്.അതേസമയം, അപകടത്തില്‍ മരിച്ച 49 മൃതദേഹങ്ങള്‍ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. 188പേരെ ഇതുവരെ നാവികസേന രക്ഷപെടുത്തി. ചൊവ്വാഴ്ച്ചയാണ് ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മുംബൈ ഹൈ റിഗ്ഗിലെ ബാര്‍ജുകള്‍ അപകടത്തില്‍പ്പെട്ടത്.

ടൗട്ടെ ചുഴലിക്കാറ്റ് മൂലമുണ്ടായ കാലാവസ്ഥാ മാറ്റങ്ങള്‍ മുംബൈ നഗരത്തെ വലിയ രീതിയിലാണ് ബാധിച്ചത്. മിക്കവാറും സ്ഥലങ്ങളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ആളുകള്‍ക്ക് കഴിയുന്നത്ര വീട്ടില്‍ തന്നെ കഴിയാനുള്ള നിര്‍ദ്ദേശം ഭരണകൂടം നല്‍കുകയും ചെയ്തു. പ്രകൃതിക്ഷോഭം ഉണ്ടാക്കിയ കെടുതികളെ അതിജീവിക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം കഷ്ടപ്പെടുമ്പോള്‍ പ്രധാനപ്പെട്ട ഒരു കാഴ്ച എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. സമുദ്രത്തില്‍ ഇത്രയും കാലമായി നിക്ഷേപിച്ച മാലിന്യമൊക്കെ കരയിലടിഞ്ഞ വളരെ ഗൗരവതരമായ കാഴ്ചയാണ് അത്.

അടിയന്തിരമായി മാലിന്യ നിര്‍മാര്‍ജനത്തിന് കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഈ കാഴ്ച ചൂണ്ടിക്കാട്ടുന്നത്. നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലുമപ്പുറം സമുദ്രങ്ങള്‍ മലിനീകരിക്കപ്പെട്ടു കഴിഞ്ഞു എന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മാലിന്യക്കൂനകളുടെ ചിത്രങ്ങള്‍ പറയാതെ പറയുന്നത്. ചുഴലിക്കാറ്റ് അടങ്ങിയതിന് ശേഷം നാല് വലിയ ട്രക്ക് മാലിന്യങ്ങള്‍ ദക്ഷിണ മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ പരിസര പ്രദേശങ്ങളില്‍ നിന്ന് നീക്കം ചെയ്തതായി ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ (ബി എം സി) ഔദ്യോഗിക വക്താവ് അറിയിച്ചതായി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.