കൊടകര ഹവാല കേസ് : ബിജെപി-ആര്‍എസ്എസ് നേതാക്കളെ ചോദ്യം ചെയ്യുന്നു
3.5 കോടി രൂപയുടെ കൊടകര ഹവാല കേസില്‍ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷ് സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരെ പോലീസ് ചോദ്യം ചെയ്യും. നിരവധി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. 19 പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഇതില്‍ 90 ലക്ഷം രൂപ മാത്രമാണ് ഇതുവരെ പൊലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞത്. ബിജെപി മേഖല സെക്രട്ടറി കാശിനാഥന്‍ ജില്ലാ ഭാരവാഹികളായ സുജയ സേനന്‍ കെ ആര്‍ ഹരി എന്നിവര്‍ ഉള്‍പ്പടെ തൃശൂര്‍ ജില്ലാ നേതാക്കളെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യും എന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രെഷറര്‍ സുനില്‍ നായിക്ക്, ആര്‍എസ്എസ് ഭാരവാഹി ധര്‍മ്മജന്‍ എന്നിവര്‍ കൊടുത്തു വിട്ട പണമാണ് ഗുണ്ടാ സംഘം കവര്‍ന്നത്. തിരഞ്ഞെടുപ്പ് ചിലവിലേക്കായി ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് അയച്ച ഫണ്ടിന്റെ ഒരു വിഹിതം മാത്രമാണ് 3.5 കോടി രൂപയെന്നും ഇത്തരത്തില്‍ വലിയ തോതില്‍ കള്ളപ്പണം കേരളത്തിലേക്ക് ഒഴിക്കിയിട്ടുണ്ട് എന്നുമാണ് ആരോപണം. അങ്ങിനെ സംഭവിച്ചിട്ടില്ല എന്നും തിരഞ്ഞെടുപ്പ് സംഭാവനകള്‍ ഡിജിറ്റല്‍ ആയി മാത്രമേ സ്വീകരിച്ചിട്ടുള്ളു എന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.