യാസ് ചുഴലിക്കാറ്റ് ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു ; കേരളത്തില്‍ കനത്ത മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച യാസ് ചുഴലിക്കാറ്റ് കരതൊട്ടേക്കുമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെ 8.30ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരമേഖലയില്‍ നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ് കടന്ന് പോയതിന് പിന്നാലെയാണ് യാസ് ചുഴലിക്കാറ്റ് കിഴക്കന്‍ തീരത്തോട് അടുക്കുന്നത്.

മെയ് 23ന് ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. ഇത് വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മെയ് 24ഓടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് സൂചന. തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. തുടര്‍ന്ന് വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 26ന് രാവിലെ പശ്ചിമബംഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനും ഇടയില്‍ കരയിലേക്ക് പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ അധികൃതരോട് മുന്നൊരുക്കങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഒഡീഷ സര്‍ക്കാര്‍ ഇന്ത്യന്‍ നാവിക സേനയുടെയും തീര സംരക്ഷണ സേനയുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിലും പശ്ചിമ ബംഗാളിലും ചുഴലിക്കാറ്റിന്റെ ആഘാതത്തിന് പുറമെ വ്യാപക മഴയുമുണ്ടാകാം. ഇത് ചില ഉള്‍നാടന്‍ മേഖലകളില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്. അതേസമയം കേരളത്തിന്റെ പല ഭാഗത്തും കനത്ത മഴ തുടരുകയാണ് ഇപ്പോള്‍.