മരുന്ന് വാങ്ങാനിറങ്ങിയ യുവാവിന്റെ കരണത്തടിച്ച കലക്ടര്‍ക്കെതിരെ നടപടി

ലോക്ക്ഡൗണിനിടെ മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ മര്‍ദിച്ച ജില്ലാ കലക്ടര്‍ക്കെതിരെ അച്ചടക്ക നടപടി. ഛത്തീസ്ഗഡിലെ സൂരജ്പുര്‍ കലക്ടര്‍ രണ്‍ബീര്‍ ശര്‍മയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചു. സംഭവത്തില്‍ യുവാവിനോടും കുടുംബത്തോടും മാപ്പു ചോദിക്കുന്നതായും മുഖ്യമന്ത്രി ട്വിറ്റ് ചെയ്തു. യുവാവിന്റെ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞ ശേഷമാണ് കലക്ടര്‍ കരണത്തടിച്ചത്. യുവാവിനെ മര്‍ദിക്കാനും അറസ്റ്റു ചെയ്യാനും കലക്ടര്‍ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ലംഘിച്ച് പുറത്തിറങ്ങിയെന്നാരോപിച്ചായിരുന്നു യുവാവിനെ കളക്ടര്‍ മര്‍ദ്ദിച്ചതെന്നാണ് ആരോപണം. യുവാവ് മരുന്നുകള്‍ വാങ്ങുന്നതിനായാണ് പുറത്തിറങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കളക്ടറുടെ ചോദ്യത്തിന് മറുപടിയായി കയ്യിലുള്ള ഒരു പേപ്പര്‍ കാണിച്ച് യുവാവ് വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് കേള്‍ക്കാതെ കരണത്തടിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇയാളുടെ മൊബൈലും വാങ്ങി നിലത്തേക്കെറിയുന്നുണ്ട്. ഇതിന് പിന്നാലെ അടുത്ത് നിന്ന പൊലീസുകാരോടും യുവാവിനെ മര്‍ദ്ദിക്കാന്‍ കളക്ടര്‍ നിര്‍ദേശിക്കുന്നുണ്ട്. അയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും.

ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നിന്ദ്യമായ പെരുമാറ്റം ആണിതെന്നായിരുന്നു വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്റര്‍‌സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് സെക്രട്ടറി സഞ്ജീവ് ഗുപ്ത പ്രതികരിച്ചത്. സംഭവം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തെ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് രണ്‍ബീര്‍ ശര്‍മ. കളക്ടര്‍ ഒരു യുവാവിന്റെ കരണത്തടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം പലരും കളക്ടര്‍ക്കെതിരെ രംഗത്തെത്തുകയായിരുന്നു.