സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ച സൗമ്യയ്ക്ക് പൗരത്വം നല്‍കാന്‍ ഇസ്രയേല്‍ തീരുമാനം
ഇസ്രയേലില്‍ ഹമാസ് തീവ്രവാദികളുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന് ആദരവുമായി ഇസ്രയേല്‍. സൗമ്യക്ക് ഓണററി പൗരത്വം നല്‍കുവാന്‍ ഇസ്രായേല്‍ തീരുമാനം. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും ഇസ്രയേല്‍ എംബസി ഉപമേധാവി റോണി യദീദി അറിയിച്ചു. ഇസ്രയേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. സൗമ്യ ഓണററി പൗരത്വത്തിന് അര്‍ഹയാണെന്നാണ് ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നതെന്നും റോണി യദീദി പറഞ്ഞു.
ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേല്‍ സംരക്ഷിക്കുമെന്നും ഇസ്രയേല്‍ എംബസി ഉപമേധാവി റോണി യദീദി പറഞ്ഞു. ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖയായാണ് ഇസ്രയേല്‍ ജനത കാണുന്നതെന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞിരുന്നു. സൗമ്യയുടെ സംസ്‌കാരചടങ്ങിന് എത്തിയ കോണ്‍സല്‍ ജനറല്‍ ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് സൗമ്യയുടെ മകന്‍ അഡോണിന് നല്‍കിയിരുന്നു.
ഇസ്രയേലിലെ അഷ്‌ക ലോണില്‍ കെയര്‍ ടേക്കറായി കഴിഞ്ഞ പത്തുവര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ. അഷ്‌ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിച്ചാണ് സൗമ്യ കൊല്ലപ്പെട്ടത്. അതേസമയം സൗമ്യയുടെ മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും മൗനം തുടരുകയാണ്. സര്‍ക്കാരിനെ പ്രതിനിധീകരിച്ചു ഇതുവരെ ആരും തങ്ങളെ സമീപിച്ചിട്ടില്ല എന്നാണ് സൗമ്യയുടെ കുടുംബം പറയുന്നത്.