കൊറോണ വാക്സിനേഷന്‍ പേടിച്ച് ഒരു ഗ്രാമം മുഴുവന്‍ പുഴയിലേക്ക് എടുത്തുചാടി

വാക്‌സിന്‍ കൊടുക്കാന്‍ വന്ന ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നൂറുകണക്കിനു പേരാണ് പുഴയിലേക്ക് എടുത്തുചാടിയത്. കോവിഡ് വാക്സിനേഷനില്‍നിന്ന് രക്ഷപ്പെടാനായിരുന്നുവത്രെ ആളുകള്‍ വെള്ളത്തില്‍ ചാടിയത്. രാജ്യം ഒന്നടങ്കം വാക്സിനേഷനു വേണ്ടി വരിനില്‍ക്കുമ്പോഴാണ് ഉത്തര്‍പ്രദേശിലെ ബാരാബംഗി ജില്ലയിലുള്ള സിസോദ ഗ്രാമത്തില്‍ ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്രാമത്തില്‍ കോവിഡ് വാക്സിനേഷന്‍രെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ നല്‍കാനെത്തിയതായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍. എന്നാല്‍, ഈ വിവരമറിഞ്ഞ സമീപത്തെ വീടുകളിലുള്ളവര്‍ പുഴയുടെ ഭാഗത്തേക്ക് ഇറങ്ങിയോടി. പലരും പുഴയുടെ ഒഴുക്കിലേക്ക് എടുത്തുചാടുകയും ചെയ്തു. 200ഓളം പേരാണ് ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകരില്‍നിന്ന് ‘രക്ഷപ്പെട്ടത്’ എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആളുകള്‍ പുഴയുടെ ഭാഗത്തേക്കു പോയപ്പോള്‍ ഇവരെ പിന്തുടര്‍ന്നുപോയി ആരോഗ്യസംഘം. വാക്സിനേഷന്‍ എടുക്കേണ്ട ആവശ്യകത പറഞ്ഞുബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. തുടര്‍ന്ന് വാക്സിനേഷന്‍ നല്‍കുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കിയതിനു ശേഷമാണത്രെ ആളുകള്‍ വീടുകളിലേക്കു തിരിച്ചുപോയത്. 1,500നടുത്ത് ജനസംഖ്യയുള്ള ഗ്രാമത്തില്‍ ഇതുവരെ 14 പേര്‍ മാത്രമാണ് കോവിഡ് വാക്സിന്‍ എടുത്തിട്ടുള്ളത്. ആളുകള്‍ക്ക് വാക്സിനേഷന്റെ ഗൗരവത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഉടന്‍തന്നെ ഗ്രാമത്തില്‍ ബോധവല്‍ക്കരണ പരിപാടി ആരംഭിക്കുമെന്നും ജില്ലാ ആരോഗ്യ പ്രവര്‍ത്തകന്‍ അറിയിച്ചിട്ടുണ്ട്.