ടി.പിയുടെ ചിത്രം പതിച്ച ബാഡ്ജുമായി കെ.കെ രമയുടെ സത്യപ്രതിജ്ഞ

വടകരയില്‍ നിന്നുള്ള ആര്‍.എം.പി പ്രതിനിധി കെ.കെ രമ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. കൊല്ലപ്പെട്ട ഭര്‍ത്താവ് ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജും നെഞ്ചില്‍ ധരിച്ചുകൊണ്ടാണ് കെ.കെ രമ സത്യവാചകം ചൊല്ലിയത്. യുഡിഎഫ് പിന്തുണയോടെ വടകരയില്‍ നിന്ന് മത്സരിച്ചു ജയിച്ച കെ.കെ രമ സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ നിറഞ്ഞ കൈയ്യടികളോടെയാണ് രമയെ സഭാംഗങ്ങള്‍ ഇരിപ്പിടത്തിലേക്കു മടക്കി അയച്ചത്.

ആര്‍.എം.പി പ്രതിനിധി എന്ന നിലയില്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്ന് രമ വ്യക്തമാക്കിയിട്ടുണ്ട്. സഭയില്‍ ആര്‍.എം.പി നിലപാടുകളായിരിക്കും പ്രകടിപ്പിക്കുകയെന്നും യോജിച്ച വിഷയങ്ങളില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ പ്രോടെം സ്പീക്കര്‍ പി.ടി.എ.റഹീം മുന്‍പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെല്ലിയത്. യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിന്‍സെന്റ് (കോവളം) എന്നിവര്‍ ക്വാറന്റീനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. ഇവര്‍ പിന്നീട് ഒരു ദിവസം സ്പീക്കറുടെ ചേംബറില്‍ എത്തി സത്യവാചകം ചൊല്ലും.

വന്‍ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതോടെ പിണറായി വിജയന്‍ തന്നെയാണ് മുഖ്യമന്ത്രിയായി സര്‍ക്കാരിനെ നയിക്കുന്നത്. എന്നാല്‍ പ്രിതപക്ഷത്തെ ഇക്കുറി നയിക്കുന്നത് രമേശ് ചെന്നത്തലയ്ക്കു പകരം വി.ഡി സതീശനാണ്. 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരില്‍ 17 പേരാണ് മന്ത്രിമാരായി ആദ്യവട്ടം സഭയിലെത്തുന്നത്. നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി യു.ഡി.എഫ് പി.സി വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഇന്ന് ഉച്ചവരെ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക നല്‍കാം.