ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാലോകം
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാലോകം. സിനിമാ താരങ്ങളായ പ്രിഥ്വിരാജ്, സലീം കുമാര്‍, ആന്റണി വര്‍ഗീസ് , സണ്ണിവെയ്ന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്ങല്‍ തുടങ്ങിയവര്‍ ദ്വീപ് നിവാസികള്‍ക്ക് പിന്തുണപ്രഖ്യാപിച്ചു രംഗത് വന്നു. ”ഞാന്‍ മൂത്തോന്‍ ഷൂട്ട് ചെയ്തത് ലക്ഷദ്വീപിലാണ്. ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും മാന്ത്രികത നിറഞ്ഞ സ്ഥലവും മനോഹരമായ മനുഷ്യരുമുള്ള സ്ഥലമാണ് ലക്ഷദ്വീപ്. അവരുടെ നിലവിളി നിരാശാജനകവും യാഥാര്‍ഥ്യവുമാണ്. കൂട്ടായി നമ്മുടെ അഭിപ്രായം അറിയിക്കുന്നതിനേക്കാള്‍ വലുതായി നമുക്കൊന്നും ചെയ്യാനില്ല.
വികസനത്തിന്റെ പേരില്‍ അവരുടെ സമാധാനത്തെ ശല്യപ്പെടുത്തരുത്, അവരുടെ ആവാസവ്യവസ്ഥയും നിഷ്‌കളങ്കതയും തകിടം മറിക്കരുത്. ഇത് കേള്‍ക്കേണ്ടവരുടെ ചെവിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു” -ഗീതുമോഹന്‍ ദാസ് ഫേസ്ബുക്കില്‍ കുറിച്ചു. നടന്‍മാരായ ആന്റണി വര്‍ഗീസും സണ്ണിവെയ്‌നും ‘സേവ് ലക്ഷദ്വീപ്’ ടാഗ് പങ്കുവെച്ചാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്. സണ്ണിവെയ്ന്‍ അഭിനയിച്ച ‘മോസയിലെ കുതിര മീനുകള്‍’ചിത്രീകരിച്ചത് ലക്ഷദ്വീപിലായിരുന്നു. ലക്ഷദ്വീപിനായി രാഷ്ട്രപതിക്കയച്ച എളമരം കരീം എം.പിയുടെ കത്ത് പങ്കുവെച്ചായിരുന്നു റിമകല്ലിങ്കല്‍ ഐക്യദാര്‍ഢ്യം അറിയിച്ചത്. അതേസമയം ദ്വീപ് നിവാസികളുടെ അഭിപ്രായം സര്‍ക്കാര്‍ കേള്‍ക്കണം എന്നാണ് നടനും സംവിധായകനുമായ പ്രിത്വിരാജ് ആവശ്യപ്പെടുന്നത്.
ദ്വീപുവാസികളാരും, അല്ലെങ്കില്‍ എന്നോട് സംസാരിച്ചവരാരും അവിടെ നടക്കുന്ന സംഭവങ്ങളില്‍ തീര്‍ത്തും സന്തുഷ്ടരല്ല എന്നതാണ്. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിര്‍ണ്ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു എന്നാണ് പ്രിത്വി ചോദിക്കുന്നത്.