സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് ; ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാന്‍ സംഘ് പരിവാര്‍ ശ്രമം എന്ന് വി ടി ബല്‍റാം

ലക്ഷദ്വീപിലെ ജനദ്രോഹ പരിപാടികള്‍ കേന്ദ്രം തുടരുന്നു. ദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്. പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാന്‍ ഉത്തരവില്‍ പറയുന്നു. ഫാമുകള്‍ അടയ്ക്കുന്നതോടെ ലക്ഷദ്വീപില്‍ സര്‍ക്കാര്‍ തലത്തിലെ പാല്‍, പാല്‍ ഉല്‍പന്ന വിപണനം നിലയ്ക്കും. ജീവനക്കാര്‍ക്ക് ജോലിയും നഷ്ടപ്പെടും. സ്വകാര്യ കമ്പനിക്ക് വഴിയൊരുക്കുന്നതിനാണ് പുതിയ ഉത്തരവെന്നാണ് ആക്ഷേപം. ലക്ഷദ്വീപില്‍ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധമാണുയരുന്നത്. ബിജെപി അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ട്വിറ്ററില്‍ പ്രതികരിച്ചത്. . ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാക്കി ഏകാധിപത്യ ഭരണത്തിനാണ് ശ്രമമെന്നാണ് ലക്ഷദ്വീപുകാരുടെ പരാതി.

പുതിയ നീക്കം തടയണമെന്നാവശ്യപ്പെട്ട് എളമരം കരിം എംപി രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. വി ടി ബല്‍റാം അടക്കമുള്ളവരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര ഭരണ പ്രദേശമായ ദ്വീപില്‍ ബിജെപി സര്‍ക്കാര്‍ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകള്‍ നടത്തുന്നത് ആശങ്കാകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ് പരിവാര്‍ ശ്രമം എന്ന് സംശയിക്കേണ്ടതുണ്ടെന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. സോളിഡാരിറ്റി, ഫ്രട്ടേണിറ്റി മൂവ്‌മെന്റ്, മുസ്‌ലിം ജമാഅത്ത് കൌണ്‍സില്‍, എസ്‌കെഎസ്എസ്എഫ്, വിസ്ഡം സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഓണ്‍ലൈന്‍ പ്രതിഷേധത്തിന് കേരളത്തില്‍ നിന്നും എസ്എഫ്‌ഐ പിന്തുണ പ്രഖ്യാപിച്ചു