ആന്ധ്രയില്‍ പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി

ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. പ്ലാന്റിലെ മൂന്നാം നിലയില്‍ തീപിടുത്തം ഉണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആളപായമില്ലെന്നാണ് സൂചന. പൊട്ടിത്തെറിക്ക് ശേഷം പ്ലാന്റില്‍ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

‘ഹിന്ദുസ്താന്‍ പെട്രോളിയം പ്ലാന്റില്‍ ഇന്ന് ഒരു തീപിടുത്തം ഉണ്ടായി. സുരക്ഷാ സംവിധാനങ്ങളും ഫയര്‍ ഫോഴ്‌സും പ്രവര്‍ത്തനം ആരംഭിച്ചു. തീകെടുത്തി. ആളപായമോ പൊതുജനത്തിന് അപകടമോ ഇല്ല.’- വാര്‍ത്താകുറിപ്പിലൂടെ കമ്പനി അറിയിച്ചു. അഞ്ച് അഗ്‌നിശമന സേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അഗ്‌നിബാധയുടെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.