ലക്ഷദ്വീപ് സംഭവവികാസങ്ങള്‍ ; അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി
ലക്ഷദ്വീപ് വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് കോടതിയില്‍ തിരിച്ചടി. ദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തത്. അഡ്മിനിസ്‌ട്രേഷന്റെ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചെന്ന് പറഞ്ഞ കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ പ്രതിഷേധങ്ങളെ ന്യായീകരിച്ച് ലക്ഷദ്വീപ് ബിജെപിയും രംഗത്തെത്തി. അഡ്മിനിസ്‌ട്രേറ്ററുടെ ചില ഭേദഗതികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിം കോഴിക്കോട് പറഞ്ഞു. ബിജെപി ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും പുതിയ പരിഷ്‌കാരങ്ങള്‍ വേണമെങ്കില്‍ തിരുത്തുമെന്നും മുഹമ്മദ് കാസിം പറഞ്ഞു.